”കേരളം ദേശ വിരുദ്ധരുടെയും തീവ്രവാദികളുടെയും സുരക്ഷിത താവളമാവുന്നു”;വി മുരളീധരൻ

അല്‍ഖയ്ദ ഭീകരരുടെ അറസ്റ്റിന്റെ പേരില്‍ കേരളത്തിനെതിരെ വിദ്വേഷ പ്രചരണവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. കേരളം ദേശ വിരുദ്ധരുടെയും തീവ്രവാദികളുടെയും സുരക്ഷിത താവളമാവുന്നു എന്നായിരുന്നു വി മുരളീധരന്റെ ആക്ഷേപം. അറസ്റ്റിലായവര്‍ മലയാളികള്‍ അല്ലെന്നും ഇവരെ പിടിക്കാന്‍ സംസ്ഥാന പോലീസും സഹായിച്ചു എന്നിരിക്കെയാണ് മുരളീധരന്റെ ദുഷ്പ്രചരണം.

എറണാകുളത്തും ബംഗാളിലും അല്‍ഖയ്ദ ഭീകരര്‍ അറസ്റ്റിലായതിന് പിന്നാലെ കേരളത്തിനെ അപമാനിച്ചുകൊണ്ടുള്ള പ്രചരണത്തിന് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ തുടക്കം കുറിച്ചിരുന്നു. ഈ വിദ്വേഷ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നതാകട്ടെ കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രി വി മുരളീധരനും. കേരളം ദേശ വിരുദ്ധരുടെയും തീവ്രവാദികളുടെയും സുരക്ഷിത താവളമാവുന്നുവെന്നായിരുന്നു മന്ത്രി വി മുരളീധരന്‍ ട്വിറ്ററില്‍ പ്രതികരിച്ചത്.

എറണാകുളത്ത് അറസ്റ്റിലായ 3 പേരും മലയാളികള്‍ ആയിരുന്നില്ല. ഇവരെ പിടികൂടിയതാകട്ടെ സംസ്ഥാന പോലീസിന്റെ തീവ്രവാദ വിരുദ്ധ സേനയുടെ സഹായത്തിലും. ഇതാണ് യാഥാര്‍ഥ്യം എന്നിരിക്കെയാണ് വി മുരളീധരന്‍ കേരളത്തെ ദേശീയ തലത്തില്‍ അപമാനിക്കാന്‍ നേതൃത്വം നല്‍കുന്നത്. കേന്ദ്ര മന്ത്രി തന്നെ ഒരു സംസ്ഥാനത്തെ ഭീകരവാദ കേന്ദ്രമെന്ന് ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുവെന്നതാണ് ഏറെ ശ്രദ്ധേയം. ബിജെപി കേന്ദ്ര നേതാക്കളും ഈ വിദ്വേഷ പ്രചാരണം ഏറ്റു പിടിച്ചിട്ടുണ്ട്.

രാഷ്ട്രീയ നേട്ടത്തിന് കേരളവും ബംഗാളും തീവ്രവാദ ശക്തികളെ പ്രീതിപ്പെടുത്തുന്നു എന്നായിരുന്നു ബിജെപി ഐ ടി സെല്‍ തലവന്‍ അമിത് മാളവ്യയുടെ ട്വീറ്റ്. വി മുരളീധരന്റെ പ്രതികരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ മലയാളികള്‍ പ്രതിഷേധവുമായി എത്തി. കഴിഞ്ഞ മാസം ഗുജറാത്തില്‍ ഐ എസ് ഭീകരനെ അറസ്റ്റ് ചെയ്ത കാര്യം ചിലര്‍ മന്ത്രിയെ ഓര്‍മിപ്പിച്ചു. യു പി യിലും ഗുജറാത്തിലും പിടികൂടുന്നവരെ കുറിച്ച് മന്ത്രി പറയുമോ എന്ന് ചിലര്‍ ചോദിച്ചു. രാഷ്ട്രീയ അടിത്തറ ഉണ്ടാക്കാന്‍ പറ്റാത്തതിന്റെ പേരില്‍ കേരളത്തെ സംഘപരിവാര്‍ അപമാനിക്കാന്‍ ശ്രമിക്കുന്നത് ഇത് ആദ്യമല്ല. പാലക്കാട് ആന പടക്കം കടിച്ച് മരിച്ചപ്പോഴും സമാന രീതിയില്‍ ബിജെപി കുപ്രചരണം അഴിച്ചുവിട്ടിരുന്നു.

error: Content is protected !!