കെ.എസ്.ആർ.ടി.സി. പുലർകാല സർവീസ് പുനഃസ്ഥാപിച്ചു

Report: Web Desk

താമരശ്ശേരി കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽനിന്ന് പുലർച്ചെ കോഴിക്കോട്ടേക്ക് നടത്തിയിരുന്ന പ്രതിദിന സർവീസ് റദ്ദാക്കിയതിനെത്തുടർന്നുള്ള യാത്രാദുരിതത്തിന് ഒടുവിൽ അറുതി. വെള്ളിയാഴ്ചമുതൽ പുലർച്ചെ 4.50-ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് കെ.എസ്.ആർ.ടി.സി. ബസ് താമരശ്ശേരി ഡിപ്പോയിൽനിന്ന്‌ ഓടിത്തുടങ്ങും. ഇതിനുപുറമേ ശനിയാഴ്ചമുതൽ നിത്യേന രാവിലെ 5, 5.20, 5.40 എന്നിങ്ങനെ കെ.എസ്.ആർ.ടി.സി ബസുകൾ കോഴിക്കോട്ടേക്ക് സർവീസ് നടത്തുമെന്ന് അസി. ട്രാൻസ്പോർട്ട്‌ ഓഫീസർ സി. നിഷിൽ അറിയിച്ചു. ഗവ. മെഡിക്കൽ കോളേജ് ആശുപത്രി, റെയിൽവേ സ്റ്റേഷൻ, പാളയം പച്ചക്കറിമാർക്കറ്റ്, മൊഫ്യൂസിൽ-കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ്‌ എന്നിവിടങ്ങളിലേക്ക് യാത്രചെയ്തിരുന്നവർക്ക് ഇനി സമാന്തരസർവീസുകളെ ആശ്രയിക്കാതെ പുലർച്ചെ പൊതുഗതാഗതം പ്രയോജനപ്പെടുത്താം.

കോഴിക്കോട്ടേക്കുള്ള പ്രതിദിന പുലർകാല കെ.എസ്.ആർ.ടി.സി. ബസ് സർവീസ് പിൻവലിച്ചതുകാരണം നാട്ടുകാർ നേരിടുന്ന പ്രയാസം ചൂണ്ടിക്കാണിച്ച് വാർത്ത നൽകിയിരുന്നു. ഇതേത്തുടർന്ന് യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് അധികൃതർ വ്യാഴാഴ്ചതന്നെ അടിയന്തരനടപടി സ്വീകരിക്കുകയായിരുന്നു.

കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് യാത്രക്കാർ കുറഞ്ഞതുകാരണം നഷ്ടമൊഴിവാക്കാനായിരുന്നു കെ.എസ്.ആർ.ടി.സി. ആറുമണിക്ക്‌ മുമ്പുള്ള പുലർകാലസർവീസുകൾ ഒരുമാസത്തിലധികമായി റദ്ദാക്കിയിരുന്നത്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ, പാളയം, മൊഫ്യൂസിൽ ബസ് സ്റ്റാൻഡ്‌ എന്നിവിടങ്ങൾവഴി കടന്നുപോവുന്ന വിധത്തിലാണ് സർവീസുകളെല്ലാം പുനഃസ്ഥാപിച്ചിരിക്കുന്നത്. നിലവിൽ ആറുമണിക്കുള്ള ബസ് സർവീസും പതിവുപോലെ തുടരുമെന്ന് കെ.എസ്.ആർ.ടി.സി. ഡിപ്പോ അധികൃതർ അറിയിച്ചു

error: Content is protected !!