ഹോട്ടലുകളിലും തട്ടുകടകളിലും ശുദ്ധമല്ലാത്ത വെള്ളം ഉപയോഗിക്കുന്നതായി പരാതി

Report: News Desk

ഹോട്ടലുകളിലും തട്ടുകടകളിലും ശുദ്ധമല്ലാത്ത വെള്ളം ഉപയോഗിക്കുന്നതായി പരാതി. ജലസംഭരണികൾ കൃത്യമായി കഴുകാത്തതും പുറമേ നിന്നുള്ള വെള്ളം ഉപയോഗിക്കുന്നതുമാണ് പ്രശ്നം. ഹോട്ടലുകളിൽ ഭക്ഷണ പദാർഥങ്ങൾ പതിവായി പരിശോധിക്കുന്ന ആരോഗ്യ വിഭാഗം ജീവനക്കാരും സംഭരണിയിലെ വെള്ളത്തിന്റെ കാര്യം പലപ്പോഴും മറക്കുന്നു. ഹോട്ടൽ, തട്ടു കട, കൂൾ ബാറുകളിൽ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പു വരുത്താൻ നിലവിൽ സംവിധാനമൊന്നും ഇല്ലാത്ത അവസ്ഥയാണ്.

സംഭരണികൾ പതിവായി കഴുകാത്തതും അടപ്പില്ലാത്ത സംഭരണികളിൽ മാലിന്യം നിറയുന്നതും പ്രശ്നമാവുന്നു. സിമന്റിൽ കെട്ടിയ ടാങ്കുകൾ പൂപ്പൽ വന്നു മൂടിയ പ്രശ്നവുമുണ്ട്. ഹോട്ടലുകളുടെ ലൈസൻസ് പുതുക്കുമ്പോൾ വെള്ളവും സംഭരണിയും പരിശോധിക്കുന്നുണ്ടെന്നാണ് നഗരസഭ ആരോഗ്യ വിഭാഗം പറയുന്നത്. പാത്രം കഴുകാൻ പോലും ശുദ്ധ ജലം ഉപയോഗിക്കണമെന്നാണ് നിയമം. പൈപ്പ് വെള്ളം മുടങ്ങുമ്പോൾ ഭൂരിഭാഗം ഹോട്ടലുകളിലും ലോറിയിൽ വെള്ളം എത്തിക്കുന്നുണ്ട്. വെള്ളം എടുക്കുന്ന കിണറ്റിലെ വെള്ളം ശുദ്ധമാണെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വേണമെന്നാണ് നിയമം.

എന്നാൽ കിട്ടുന്ന കിണറ്റിൽ നിന്നു വെള്ളം കൊണ്ടു വരികയാണ് പലരും. ഹോട്ടൽ കിണറ്റിലെ വെള്ളവും ഇടയ്ക്കിടെ പരിശോധിച്ച് വെള്ളം ശുദ്ധമാണെന്ന് ഉറപ്പു വരുത്തണമെന്ന് നിയമമുണ്ടെങ്കിലും പലരും പാലിക്കാറില്ല.

error: Content is protected !!