ലോകായുക്ത ഉത്തരവിന് എതിരായ ഹരജി ഹൈക്കോടതി തള്ളി

Web Desk

മുന്‍ മന്ത്രി കെ.ടി ജലീല്‍ ബന്ധു നിയമന കേസിലെ ലോകായുക്ത വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. ലോകായുക്ത ഉത്തരവില്‍ വീഴ്ചയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹരജി തള്ളിയത്. ബന്ധുവായ കെ.ടി അദീബിനെ ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചതു സ്വജനപക്ഷപാതമാണെന്ന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജലീല്‍ ഹരജി നല്‍കിയത്.

നടപടിക്രമങ്ങള്‍ പാലിക്കാതെയും പ്രാഥമിക അന്വേഷണം നടത്താതെയുമാണ് ലോകായുക്ത ഉത്തരവിട്ടതെന്നാണ് ജലീല്‍ ഹരജിയില്‍ വാദിച്ചത്. എന്നാല്‍ രേഖകളും വസ്തുതകളും കൃത്യമായി പരിശോധിക്കാതെയാണ് ലോകായുക്തയുടെ കണ്ടെത്തലന്ന മന്ത്രിയുടെ വാദം കോടതി അംഗീകരിച്ചില്ല.

ജലീലിന്റെ ഹരജിയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള നിലപാടാണ് സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചതെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. ജലീലിന് പിന്തുണയുമായി നേരിട്ട് കോടതിയെ സമീപിച്ചില്ലെങ്കിലും നിരുപാധികമായ പിന്തുണയാണ് ജലീലിന് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയത്.

ചട്ടങ്ങള്‍ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് എ.ജി സര്‍ക്കാരിന് നല്‍കിയ നിയമോപദേശം. ലോകായുക്ത ആക്ട് സെക്ഷന്‍ 9 പ്രകാരമുള്ള നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും നിയമോപദേശത്തില്‍ എ.ജി പറയുന്നു.

പരാതി ലഭിച്ചാല്‍ അന്വേഷണത്തിന് മുമ്പ് എതിര്‍കക്ഷിക്ക് പരാതിയുടെ പകര്‍പ്പ് നല്‍കണമെന്നാണ് ഈ ചട്ടം അനുശാസിക്കുന്നത്. ജലീലിന് പരാതിയുടെ പകര്‍പ്പ് നല്‍കിയത് അന്തിമ ഉത്തരവിന് ഒപ്പമാണെന്നും ഇത് നിലനില്‍ക്കില്ലെന്നും എ.ജി നിയമോപദേശത്തില്‍ നിരീക്ഷിച്ചിരുന്നു. ഇതേ വാദങ്ങളാണ് കെ.ടി ജലീല്‍ കോടതിയിലും ഉന്നയിച്ചത്. എന്നാല്‍ വാദങ്ങളെല്ലാം കോടതി തള്ളുകയായിരുന്നു.

ഹരജിയില്‍ വാദം നടക്കുന്നതിനിടെയായിരുന്നു കഴിഞ്ഞ ദിവസം ജലീല്‍ രാജി പ്രഖ്യാപിച്ചത്. കെ.ടി അദീബിനെ ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചതില്‍ സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്നായിരുന്നു ലോകായുക്ത കണ്ടെത്തല്‍. ജലിന്റെ മണ്ഡലത്തിലെ വോട്ടറായ മുഹമ്മദ്ഷാഫിയാണ് ബന്ധുനിയമനത്തിനെതിരെ ലോകായുക്തയെ സമീപിച്ചത്.

error: Content is protected !!