
Web Desk
നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആകാൻ പോകുന്നുവെന്ന വാർത്ത പുറത്ത് വന്നത് മുതൽ അപവാദ പ്രചാരണങ്ങൾ ശക്തമായെന്ന് ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ.തന്നെ രാഷ്‌ട്രീയക്കാരനായി കണ്ട് ഒരു വിഭാഗം പേർ കുപ്രചാരണം നടത്തിയത് കൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതെന്ന് ഫിറോസ് പറഞ്ഞു.
സീറ്റ് ചർച്ചകളിൽ തർക്കം രൂക്ഷമായപ്പോൾ മത്സരിക്കാനില്ലെന്ന തീരുമാനമെടുത്തു. എന്നാൽ തവനൂരിലെ യുഡിഎഫ് പ്രവർത്തകരുടെ ക്ഷണം തള്ളിക്കളയാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
ലീഗ് അനുഭാവിയാണെന്ന് ഒരു വേദിയിൽ പറയുകയുണ്ടായി. അതിന് പിന്നാലെയാണ് ഒരു വിഭാഗം ആളുകളിൽ നിന്ന് കുപ്രചാരണം ആരംഭിച്ചത്. ജീവ കാരുണു പ്രവർത്തനങ്ങൾക്ക് പണം ലഭിക്കാതിരിക്കാൻ ആസൂത്രിത നീക്കം നടന്നു. സൈബർ ആക്രമണം ശക്തമായി. ഇതോടെയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന തോന്നലുണ്ടായത്. യുഡിഎഫ് സ്ഥാനാർഥി ആകാൻ പോകുന്നുവെന്ന വാർത്ത പുറത്ത് വന്നത് മുതൽ അപവാദ പ്രചാരണങ്ങൾ ആരംഭിച്ചെന്നും ഫിറോസ് പറഞ്ഞു.
എംഎൽഎ ആകാൻ കഴിഞ്ഞാൽ കൂടുതൽ പേർക്ക് സഹായം നൽകാൻ കഴിയുമെന്നാണ് വിശ്വാസം. സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചുള്ള കാരുണ്യ പ്രവർത്തനങ്ങൾക്ക് പരിമിതിയുണ്ട്. സർക്കാരോ സോഷ്യൽ മീഡിയയോ വിചാരിച്ചാൽ ഈ പ്രവർത്തനങ്ങൾ തടയാൻ കഴിയും. എന്നാൽ ജനപ്രതിനിധി എന്ന നിലയിലെത്തിയാൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.