
Report: News Desk
കോഴിക്കോട്∙ വിക്ടേഴ്സ് ചാനലിൽ സ്കൂൾ വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾക്കിടയിൽ എൽഡിഎഫ് സർക്കാരിന്റെ പരസ്യങ്ങൾ കാണിക്കുന്നതിനെതിരെ അധ്യാപകർ. വിദ്യാഭ്യാസ വകുപ്പിന്റെ ഐടി അറ്റ് സ്കൂളിനു കീഴിലുള്ള കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയാണു കോവിഡ് കാലത്ത് മിക്ക ക്ലാസുകളും നടത്തുന്നത്.
തിരഞ്ഞെടുപ്പു ലക്ഷ്യമിട്ട് എൽഡിഎഫ് സർക്കാർ തയാറാക്കിയ പരസ്യ വിഡിയോകൾ ഏതാനും ആഴ്ചകളായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്നതാണു വിവാദമായത്. ഇടതു സർക്കാരിന്റെ ‘ആത്മവിശ്വാസം നൽകിയ അഞ്ചു വർഷങ്ങൾ’, ‘ഇനിയും മുന്നോട്ട്’ തുടങ്ങിയ പരസ്യങ്ങളാണു ക്ലാസുകൾക്കിടയിൽ സംപ്രേഷണം ചെയ്യുന്നത്. ഓരോ പീരിയഡ് കഴിഞ്ഞ് അടുത്ത ക്ലാസ് തുടങ്ങുന്നതിനിടയ്ക്കുള്ള സമയത്താണ് പരസ്യം. രാഷ്ട്രീയലക്ഷ്യത്തോടെയുള്ള പരസ്യങ്ങൾ വിദ്യാർഥികളെ കാണാൻ നിർബന്ധിക്കുന്നതു നിയമലംഘനമാണെന്നു പ്രതിപക്ഷ അധ്യാപക സംഘടനകൾ ആരോപിക്കുന്നു. സർക്കാർ സംവിധാനത്തെ രാഷ്ട്രീയമുതലെടുപ്പിന് ഉപയോഗിക്കുന്നത് അധികാര ദുർവിനിയോഗമാണെന്ന് എഎച്ച്എസ്ടിഎ സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.