
കാസർകോട്: ബളാലിൽ സഹോദരിയെ എലി വിഷം നൽകി കൊലപ്പെടുത്തിയ പ്രതി സംഭവം കൂട്ട ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ അവസാനംവരെ ശ്രമിച്ചെന്ന് പൊലീസ്. ശാസ്ത്രീയ തെളിവുകൾ നിരത്തി ചോദ്യം ചെയ്തപ്പോഴാണ് കുടുംബ സ്വത്ത് തട്ടിയെടുക്കാൻ താൻ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണെന്ന് 22കാരൻ സമ്മതിച്ചത്. മാസങ്ങളുടെ തയ്യാറെടുപ്പിനൊടുവിലാണ് ഐസ്ക്രീമിൽ എലിവിഷം ചേർത്ത് കൊല ചെയ്യാമെന്ന് തീരുമാനിച്ച് ആൽബിൻ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു. ആൽബിനെ അൽപ സമയത്തിനകം കോടതിയിൽ ഹാജരാക്കും.
ഐസ്ക്രീം അൽപം മാത്രം കഴിച്ചത് കൊണ്ട് അമ്മയ്ക്കും ആൽബിനും ആരോഗ്യ പ്രശ്നങ്ങളില്ലായിരുന്നു. മഞ്ഞപ്പിത്തം വന്നാണ് ആൻ മേരി മരിച്ചതെന്ന് ബന്ധുക്കൾ തുടക്കത്തിൽ വിശ്വസിച്ചത്. കുട്ടിയുടെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽ ചെന്നാണ് മരണം എന്ന് വ്യക്തമായി. ആദ്യം അമ്മയെയും മകനെയും ഒരുപോലെ സംശയിച്ച പൊലീസ് പിന്നീട് ഇത് ആൽബിൻ ഒറ്റയ്ക്ക് ആസൂത്രണം ചെയ്ത് നടത്തിയ ക്രൂര കൊലയാണെന്ന് കണ്ടെത്തി. ലഹരിക്കടിമയായ ആൽബിൻ തന്‍റെ ഇഷ്ട്ടത്തിന് ജീവിക്കാൻ കുടുംബം തടസ്സമാണെന്ന് കണ്ടപ്പോൾ എല്ലാവരെയും വകവരുത്തി നാലരയേക്കർ ഭൂ സ്വത്തും തട്ടിയെടുത്ത് വിറ്റ് നാട് വിടാമെന്ന് കണക്കുകൂട്ടി. തന്റെ അടുത്ത സ്ത്രീ സുഹൃത്തിനോടോ മറ്റ് സുഹൃത്തുക്കളോടോ ഇക്കാര്യം ആൽബിൻ പങ്കുവച്ചിരുന്നോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
കൂടത്തായിയിൽ ജോളി ചെയ്തത ക്രൂരകൃത്യവും പ്രതിക്ക് പ്രചോദനം ആയേക്കാമെന്ന് പൊലീസ് വിലയിരുത്തി. വിഷം നൽകി കൊലചെയ്തതിനും കൊലപാതക ശ്രമത്തിനും കേസെടുത്ത പൊലീസ് മറ്റ് തുടർ നടപടികളിലേക്ക് കടന്നു. 22കാരൻ കുടുംബത്തെ അപ്പാടെ വകവരുത്താൻ പദ്ധതിയിട്ടെന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് കാസർകോട് ബളാൽ എന്ന മലയോര ഗ്രാമം.