യു.ഡി.എഫ് അല്ല ഞങ്ങള്‍; ജലീലിന്റെ രാജി നല്ല തീരുമാനം; സ്വാഗതം ചെയ്യുന്നുവെന്ന് എ. വിജയരാഘവന്‍

Web Desk

കെ.ടി ജലീലിന്റെ രാജിയില്‍ പ്രതികരണവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ച ഒരു സമീപനമാണ് ജലീലില്‍ നിന്നും ഉണ്ടായതെന്നും തീര്‍ച്ചയായും ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും എ. വിജയരാഘവന്‍ പറഞ്ഞു. അദ്ദേഹം പൊതുജീവിതത്തിന്റെ മാന്യതകള്‍ എപ്പോഴും ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ച നേതാവാണ്. ലോകായുക്ത വിധി വന്ന പശ്ചാത്തലത്തില്‍ അദ്ദേഹം ഇപ്പോള്‍ സ്വീകരിച്ച നടപടി സ്വാഗതാര്‍ഹമാണ്. അദ്ദേഹം തെറ്റ് ചെയ്തു എന്ന് ഞങ്ങള്‍ അംഗീകരിച്ചിട്ടില്ല. യു.ഡി.എഫില്‍ നിന്ന് ഒരു വ്യത്യാസം എല്‍.ഡി.എഫിന് എപ്പോഴുമുണ്ടാകും. പാമോലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ കോടതിയില്‍ നിന്നും പരാമര്‍ശമുണ്ടായിരുന്നു. എന്നിട്ട് അദ്ദേഹം രാജിവെച്ചില്ലല്ലോ. കെ. ബാബുവിന് എതിരായി വിജിലന്‍സ് കോടതിയില്‍ നിന്നും പരാമര്‍ശം വന്നതാണ്. എന്നാല്‍ അദ്ദേഹം കൊടുത്ത രാജിക്കത്ത് പോക്കറ്റിലിട്ട് നടക്കുകയാണ് ഉമ്മന്‍ ചാണ്ടി ചെയ്തത്. അങ്ങനെയൊരു നിലപാട് എല്‍.ഡി.എഫ് സ്വീകരിച്ചിട്ടില്ല. കെ.ടി ജലീലും സ്വീകരിച്ചിട്ടില്ല, എ. വിജയരാഘവന്‍ പറഞ്ഞു.
ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് ഭയന്നാണോ രാജിയെന്ന ചോദ്യത്തിന് ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും പ്രസക്തിയില്ലെന്നായിരുന്നു വിജയരാഘവന്റെ മറുപടി. അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്ന തീരുമാനമാണ് എടുത്തത്. അദ്ദേഹത്തിന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞ അഭിപ്രായമാണ് ഫേസ്ബുക്ക് പോസ്റ്റ്. മാധ്യമപ്രവര്‍ത്തകരുടെ വ്യാഖ്യാനങ്ങളില്‍ പ്രതികരിക്കാനില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

error: Content is protected !!