മലയാളിക്ക് ഓണം ഉണ്ണാൻ തൂശനില തമിഴ്നാട്ടിൽ നിന്ന്: ഒരു വാഴയിലയുടെ വില 10 മുതല്‍ 20 രൂപവരെ

ഓണസദ്യയ്ക്ക് മുന്നില്‍ നിരന്നിരിക്കുന്ന വിഭവങ്ങളേക്കാള്‍ മലയാളിയുടെ മനസില്‍ ആദ്യം പതിയുന്ന മറ്റൊരു കാഴ്ചയുണ്ട്. നീണ്ടു നിവര്‍ന്നിരിക്കുന്ന പച്ചനിറത്തിലുള്ള വാഴയില. അതില്‍ ആദ്യം ഒരു നുള്ള് ഉപ്പ്, പിന്നെ ഉപ്പേരി, ശര്‍ക്കരവരട്ടി, പച്ചടി, കിച്ചടി, അവിയല്‍, തോരന്‍, ഓലന്‍… ഒടുവില്‍ ചൂടന്‍ ചോറും പരിപ്പും നെയ്യും സാമ്പാറും പായസവും. വിഭവങ്ങള്‍ ഓരോന്നായി ഇലയിലേക്ക് എത്തുമ്പോള്‍ തന്നെ ഓണത്തിന്റെ രുചിയും ഗന്ധവും നിറയുന്നു.

പേപ്പര്‍ വാഴയിലയും പ്ലേറ്റുകളും വിപണിയില്‍ എത്തിയിട്ടുണ്ടെങ്കിലും തൂശനിലയില്‍ വിളമ്പിയ സദ്യയുടെ രുചിക്ക് പകരം വയ്ക്കാന്‍ മറ്റൊന്നിനും കഴിയില്ലെന്നാണ് പലരുടെയും അഭിപ്രായം. അതുകൊണ്ടുതന്നെ ഓണക്കാലത്ത് വാഴയിലയ്ക്കും വലിയ ഡിമാന്‍ഡാണ്. എന്നാല്‍ കേരളത്തിന്റെ ഓണസദ്യയ്ക്കായി എത്തുന്ന ഈ വാഴയിലകള്‍ എവിടെ നിന്നാണ് വരുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ

കേരളത്തില്‍ ഓണക്കാലത്ത് ആവശ്യമായ വാഴയിലയുടെ വലിയൊരു ഭാഗം എത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. അവിടെയുള്ള വാഴത്തോട്ടങ്ങളില്‍ നിന്ന് വെട്ടിയെടുക്കുന്ന ഇലകള്‍ വൃത്തിയാക്കി, ആവശ്യമായ അളവില്‍ മുറിച്ചെടുത്താണ് വിപണിയിലേക്ക് എത്തിക്കുന്നത്. ഓണം അടുക്കുന്നതോടെ വാഴയിലയ്ക്ക് ആവശ്യക്കാര്‍ കൂടും. അതിനനുസരിച്ച് ഇലയുടെ വിലയും ഉയരും. സാധാരണ ദിവസങ്ങളേക്കാള്‍ ഓണക്കാലത്ത് വാഴയിലയ്ക്ക് ആവശ്യകത കൂടുതലായതിനാല്‍ ഒരു ഇലയ്ക്ക് 10 മുതല്‍ 20 രൂപ വരെ വിലയുള്ള സാഹചര്യമുണ്ട്.

ഇത്തവണ വില ഉയരാന്‍ മറ്റൊരു കാരണവും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ശക്തമായ കാറ്റില്‍ വാഴയിലകള്‍ പൊട്ടിപ്പോകുന്നതും മഴയുടെ കുറവും കൃഷിയെ ബാധിച്ചിട്ടുണ്ട്. അതിനാല്‍ ആവശ്യത്തിന് ഇലകള്‍ വെട്ടിയെടുക്കാനും കയറ്റി അയയ്ക്കാനും കഴിയാത്ത സാഹചര്യമുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു.ഓണക്കാലത്ത് പച്ചക്കറിക്കും പലവ്യഞ്ജനങ്ങള്‍ക്കും മറ്റ് സാധനങ്ങള്‍ക്കും വില ഉയരുന്നതിനൊപ്പം വാഴയിലയ്ക്കും വില കൂടുന്നതുകൊണ്ടുതന്നെ സദ്യയുടെ ചെലവിലും ചെറിയൊരു മാറ്റമുണ്ടാക്കും.

വാഴയിലയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ഒന്നിലധികം ഉപയോഗങ്ങളാണ്. ഓണസദ്യയ്ക്കായി കേരളത്തിലെത്തുന്ന ഇല മുഴുവനും സദ്യയ്ക്കായി മാത്രം ഉപയോഗിക്കുന്നില്ല. തോട്ടത്തില്‍ നിന്ന് വെട്ടിയെടുക്കുന്ന വലിയ ഇലയില്‍ നിന്ന് ആവശ്യമായ വലുപ്പത്തിലുള്ള ഭാഗങ്ങള്‍ മുറിച്ചെടുക്കും. വലിയ നീളമുള്ള ഭാഗങ്ങള്‍ കേരളത്തിലെ സദ്യയ്ക്കായി പോകുമ്പോള്‍ ശേഷിക്കുന്ന ഭാഗങ്ങള്‍ പല രീതിയിലും ഉപയോഗിക്കാം.

വട്ടത്തില്‍ മുറിച്ചെടുക്കുന്ന വാഴയില ബിരിയാണി റൈസ് വിളമ്പാന്‍ ഉപയോഗിക്കുന്നു. ഹോട്ടലുകളിലും ഭക്ഷണശാലകളിലും പാക്കിങ് ആവശ്യങ്ങള്‍ക്കായും വാഴയില ഉപയോഗിക്കുന്നുണ്ട്. പാനിപൂരി പോലുള്ള ഭക്ഷണങ്ങള്‍ പൊതിയാനും, വടയും മറ്റ് സ്‌നാക്‌സുകളും നല്‍കാനും വാഴയിലയുടെ വിവിധ ഭാഗങ്ങള്‍ ഉപയോഗിക്കുന്നു. വീടുകളില്‍ ചോറ് പൊതിയുന്നതിനും ഭക്ഷണം പാഴ്‌സല്‍ ചെയ്യുന്നതിനും വാഴയില ഇപ്പോഴും പലരും ഉപയോഗിക്കുന്നുണ്ട്.

വാഴയിലയുടെ പച്ചപ്പിനും അതിന്റെ സ്വാഭാവിക മണത്തിനും ഇതില്‍ വലിയ പങ്കുണ്ട്. ചൂടുള്ള ചോറും കറികളും ഇലയിലേക്ക് എത്തുമ്പോള്‍ ഇലയില്‍നിന്നുള്ള സ്വാഭാവിക ഗന്ധവും ഭക്ഷണത്തിന്റെ ചൂടും കൂടിച്ചേരുന്നു. ഇത് സദ്യയുടെ അനുഭവത്തെ കൂടുതല്‍ സവിശേഷമാക്കുന്നു.

കേരളീയ ഭക്ഷണസംസ്‌കാരത്തില്‍ വാഴയിലയ്ക്ക് വളരെ വലിയ സ്ഥാനമുണ്ട്. ഇന്നത്തെ പോലെ പ്ലാസ്റ്റിക്, പേപ്പര്‍ പ്ലേറ്റുകള്‍ വ്യാപകമല്ലായരുന്ന കാലത്ത് വാഴയില ഭക്ഷണം വിളമ്പുന്നതിനുള്ള സ്വാഭാവിക മാര്‍ഗമായിരുന്നു. പ്രത്യേകിച്ച് വിവാഹസദ്യ, ഉത്സവങ്ങള്‍, ക്ഷേത്രാഘോഷങ്ങള്‍ തുടങ്ങിയ അവസരങ്ങളില്‍ വാഴയിലയ്ക്ക് പ്രധാന സ്ഥാനമുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് ഓണത്തിനും വാഴയിലക്ക് പ്രത്യേക സ്ഥാനമുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!