സ്കൂളുകളിൽ നീന്തൽ പരിശീലനം വേണമെന്ന ആവശ്യവുമായി റനാ ഫാത്തിമ വീണ്ടും മുഖ്യമന്ത്രിക്ക് മുന്നിലേക്ക്…

മുക്കം: സംസ്ഥാനത്ത് പുഴകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സ്വിമ്മിംഗ് പൂളുകളിലും കുട്ടികൾ മുങ്ങിമരിക്കുന്ന ദാരുണ സംഭവങ്ങൾ തുടർക്കഥയാകുമ്പോൾ, പ്രതിരോധ നടപടികൾ ശക്തമാക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. വർഷാവർഷം നിരവധി കുരുന്നുകളുടെ ജീവനാണ് വെള്ളത്തിൽ പൊലിയുന്നത്. ഈ സാഹചര്യത്തിലാണ് എല്ലാ സ്കൂളുകളിലും നീന്തൽ പരിശീലന കേന്ദ്രങ്ങളും സ്വിമ്മിംഗ് പൂളുകളും സ്ഥാപിക്കണമെന്ന ആവശ്യവുമായി തോട്ടുമുക്കം ഗവൺമെൻ്റ് യു.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി റനാ ഫാത്തിമ വീണ്ടും അധികൃതരെ സമീപിക്കാൻ ഒരുങ്ങുന്നത്.

കഴിഞ്ഞ സർക്കാരിന്റെ നവകേരള സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നിവേദനം നൽകി കേരളത്തിന്റെ ശ്രദ്ധയാകർഷിച്ച വിദ്യാർത്ഥിനിയാണ് റനാ ഫാത്തിമ. അന്നത്തെ നവകേരള സദസ്സിലെ ഏറ്റവും പ്രായം കുറഞ്ഞ അതിഥിയായിരുന്ന റന, സ്കൂളുകളിൽ നീന്തൽ നിർബന്ധമാക്കണമെന്ന വലിയൊരു ആവശ്യം മുഖ്യമന്ത്രിക്ക് മുന്നിൽ സമർപ്പിച്ചെങ്കിലും തുടർനടപടികളൊന്നും ഉണ്ടായില്ല. എന്നാൽ, തന്റെ ലക്ഷ്യത്തിൽ നിന്ന് പിന്മാറാൻ ഈ എട്ടുവയസ്സുകാരി തയ്യാറല്ല. പുതിയ അധ്യയന വർഷം സ്കൂൾ തുറക്കുന്നതോടെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും വീണ്ടും നിവേദനം നൽകാനുള്ള തയ്യാറെടുപ്പിലാണ് റന ഇപ്പോൾ.

വെറുമൊരു നിവേദനത്തിൽ ഒതുങ്ങുന്നതല്ല റനയുടെ നീന്തൽ പ്രേമം. പുഴകളിലും ജലാശയങ്ങളിലും നീന്തിക്കയറി വിസ്മയം തീർത്ത ഈ മിടുക്കി, മുക്കം നഗരസഭയുടെ ‘നീന്തിവാ മക്കളേ’ എന്ന ജനകീയ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ്. നിവേദനം നൽകുന്നതിനൊപ്പം, തന്റെ സ്കൂളിൽ നീന്തൽ അറിയാത്ത സഹപാഠികൾക്ക് സ്വന്തം നിലയിൽ പരിശീലനം നൽകാനുള്ള ഒരുക്കങ്ങളും റന നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ, മുങ്ങിമരണ വാർത്തകൾ ഏറുന്ന ഈ സാഹചര്യത്തിൽ റനയുടെ ആവശ്യത്തിന് പ്രസക്തിയേറെയാണ്.


തന്റെ മൂന്നാം വയസ്സിൽ തോട്ടുമുക്കം ചെറുപുഴയിലൂടെ നിഷ്പ്രയാസം നീന്തിക്കയറിയ റനയുടെ ദൃശ്യങ്ങൾ ദൃശ്യ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വലിയ രീതിയിൽ വൈറലായിരുന്നു. ഈ കൊച്ചു മിടുക്കിയുടെ അസാധ്യമായ നീന്തൽ വൈഭവം കണ്ട് രാഹുൽ ഗാന്ധി നേരിട്ടെത്തി റനയെ പ്രശംസിച്ചതോടെയാണ് ഈ തോട്ടുമുക്കംകാരി രാജ്യാന്തര തലത്തിൽ വരെ ശ്രദ്ധിക്കപ്പെടുന്നത്. മൂന്നാം വയസ്സിലെ ഈ അപൂർവ്വ നേട്ടം മുൻനിർത്തിയാണ് മുക്കം നഗരസഭ തങ്ങളുടെ ‘നീന്തിവാ മക്കളേ’ പ്രൊജക്റ്റിന്റെ ബ്രാൻഡ് അംബാസഡറായി റനയെ നിശ്ചയിക്കുന്നത്. ഈ ജനപ്രീതിയുടെയും അനുഭവസമ്പത്തിന്റെയും കരുത്തിലാണ് പിന്നീട് നവകേരള സദസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ അതിഥിയായി റന എത്തുന്നതും മുഖ്യമന്ത്രിക്ക് മുന്നിൽ നിവേദനം സമർപ്പിക്കുന്നതും.റനയുടെ വലിയുമ്മ റംല മനാഫ് ആണ്‌ റനയുടെ നീന്തൽ ഗുരു .

വീഡിയോ ജേർണലിസ്റ്റ് റഫീഖ് തോട്ടുമുക്കത്തിന്റെയും റിഫാന റഫീഖിന്റെയും മൂത്ത മകളായ റനയെ തേടി ഇതിനോടകം നിരവധി പുരസ്കാരങ്ങളാണ് എത്തിയിട്ടുള്ളത്. ചെറുപ്രായത്തിൽ തന്നെ സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം ഇടപെടലുകളിലൂടെ നാടിനാകെ മാതൃകയാവുകയാണ് ഈ മൂന്നാം ക്ലാസുകാരി.
കുരുന്നുകളുടെ ജീവൻ ജലാശയങ്ങളിൽ ഹോമിക്കപ്പെടാതിരിക്കാൻ റനയെപ്പോലെയുള്ള കുട്ടികളുടെ ആവശ്യങ്ങൾ സർക്കാർ ഗൗരവമായി കാണുമെന്നും, വരും ദിവസങ്ങളിൽ അനുകൂലമായ നടപടികൾ ഉണ്ടാകുമെന്നുമാണ് മലയോര മേഖലയിലെ ജനങ്ങളും രക്ഷിതാക്കളും പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!