
newsdesk
ന്യൂഡൽഹി: പൊതുയിടങ്ങളിൽനിന്ന് തെരുവുനായ്ക്കളെ നീക്കണമെന്ന ഉത്തരവിനെതിരെ നൽകിയ അപേക്ഷകൾ സുപ്രീംകോടതി തള്ളി. മുൻ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു. തെരുവുനായ്ക്കളെ നീക്കാനായി ആനിമൽ വെൽഫയർ ബോർഡ് പുറപ്പെടുവിച്ച നടപടിക്രമങ്ങളെ ചോദ്യംചെയ്ത് ഒരു കൂട്ടം മൃഗസ്നേഹികളാണ് സുപ്രീംകോടതിയിൽ അപേക്ഷ സമർപ്പിച്ചത്.
ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എൻ വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സ്‌കൂളുകൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവെ സ്റ്റേഷനുകൾ, സ്‌പോർട്‌സ് കോംപ്ലക്സുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ മാറ്റുന്നത് ഉറപ്പാക്കാൻ കഴിഞ്ഞ വർഷം നവംബറിൽ ഈ ബെഞ്ച് അധികാരികൾക്ക് നിർദേശങ്ങൾ നൽകിയിരുന്നു. നായ്ക്കളെ പുനഃരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും, എവിടെ നിന്നാണോ ഇവയെ പിടികൂടിയത് അതേ സ്ഥലത്തേക്ക് തിരികെ വിടരുതെന്നും കോടതി നിർദേശിച്ചിരുന്നു.
പ്രത്യേകം നിശ്ചയിച്ചിട്ടുള്ള ഇടങ്ങളിലല്ലാതെ തെരുവ് നീളെ നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് നിരോധിച്ചുകൊണ്ടുള്ള നിർദേശങ്ങളും ബെഞ്ച് പുറപ്പെടുവിച്ചിരുന്നു.തുടർന്ന് ഈ നിർദേശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസ്നേഹികളും മൃഗസംരക്ഷണ സംഘടനകളും നിരവധി അപേക്ഷകൾ സമർപ്പിച്ചു. ഈ അപേക്ഷകളിൽ വിശദമായ വാദം കേട്ട ശേഷം ജനുവരി 29ന് ബെഞ്ച് വിധി പറയാനായി മാറ്റിവയ്ക്കുകയായിരുന്നു. അന്തിമവിധിയിൽ അപേക്ഷകൾ എല്ലാം തള്ളുന്നതായി കോടതി ഉത്തരവിട്ടു.