
newsdesk
കോഴിക്കോട്: സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപന തീയതിയിൽ മാറ്റം. ഫലപ്രഖ്യാപനം മെയ് 26 ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ആദ്യം മെയ് 22ന് ഫലം പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. ഇതേത്തുടർന്ന് ഫലം മേയ് 26-ന് പ്രസിദ്ധീകരിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.
സാധാരണ ഏപ്രിൽ ആദ്യ വാരം തന്നെ മൂല്യനിർണയ ക്യാംപുകൾ ആരംഭിക്കുന്നതാണ്. ഇത്തവണ ഏപ്രിൽ ഒൻപതിന് തെരഞ്ഞെടുപ്പായതിനാൽ 16-നാണ് ക്യാംപുകൾ ആരംഭിച്ചത്. ഇതാണ് ഫലപ്രഖ്യാപനം വൈകുന്നതിന്റെ കാരണമായി എന്നാണ് റിപ്പോർട്ടുകൾ. നേരത്തെ, ഹയർ സെക്കൻഡറി വിഭാഗത്തിലെ മൂല്യനിർണയ ക്യാംപുകളിൽ നിന്ന് അധ്യാപകർ വിട്ടുനിന്നതും കടുത്ത പ്രതിസന്ധി സൃഷ്ട്ടിച്ചിരുന്നു.
അതേസമയം, സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. വൈകീട്ട് മൂന്നിന് വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഫല പ്രഖ്യാപനം നടത്തും.