അപകടത്തിൽപെട്ട കാർ കടത്തിക്കൊണ്ടു പോയി ;വിവാദമായതോടെ തിരികെയെത്തിച്ചു ; പ്രതികളെ കണ്ടെത്തിയിട്ടും കേസ് എടുക്കാൻ വിസമ്മതിച്ച് മുക്കം പോലീസ്

മുക്കം : മുക്കം ഓടത്തെരുവിൽ അപകടത്തിൽപ്പെട്ട കാർ മോഷ്ടിച്ച സംഭവത്തിൽ പോലീസ് സ്വീകരിക്കുന്ന നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മോഷണം പോയ സ്വിഫ്റ്റ് കാർ കണ്ടെത്തിയിട്ടും പ്രതികൾക്കെതിരെ കേസെടുക്കാൻ പോലീസ് വിസമ്മതിക്കുന്നതായാണ് പരാതി.

ഇതുമായി ബന്ധപ്പെട്ട് മുക്കം സി.ഐ പരാതിക്കാരോട് മോശമായി സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്.

കൊയിലാണ്ടി -എടവണ്ണ സംസ്ഥാനപാതയിൽ കഴിഞ്ഞ ഏപ്രിൽ 5ന് സ്വിഫ്റ്റ് -ഫോർച്ചുണർ കാറുകൾ തമ്മിൽ അപകടത്തിൽ പെട്ടിരുന്നു .വാഹനാപകടത്തിൽ തകർന്ന് റോഡരികിൽ കിടന്നിരുന്ന കാർ കഴിഞ്ഞ ദിവസമാണ് മോഷണം പോയത്.

അപകടത്തിൽ ഉൾപ്പെട്ട രണ്ടാമത്തെ വാഹനത്തിലെ ആളുകൾ തന്നെയാണ് കാർ കടത്തിക്കൊണ്ടുപോയതെന്ന് പോലീസിനും വ്യക്തമായിരുന്നു.എന്നാൽ, പ്രതികൾക്കെതിരെ മോഷണക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ പരാതികാരനായ സ്വിഫ്റ്റ് കാർ ഉടമ ഓമശ്ശേരി മാനിപുരം സ്വദേശി അർഷാദ് കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ പോലീസ് നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. “കേസെടുക്കാൻ പറ്റില്ലെന്നും നിങ്ങൾ കണ്ടതുപോലെ ചെയ്തോളൂ” എന്നും സി.ഐ നിബിൻ ജോയ് പരാതിക്കാരോട് പറയുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്.

ഉന്നത രാഷ്ട്രീയ സ്വാധീനത്തെത്തുടർന്നാണ് പോലീസ് കേസെടുക്കാൻ മടിക്കുന്നതെന്ന് ആക്ഷേപമുണ്ട്.സാധാരണക്കാർക്ക് നീതി ലഭിക്കേണ്ട പോലീസ് സ്റ്റേഷനിൽ നിന്ന് ഇത്തരമൊരു മറുപടി ലഭിച്ചത് നാട്ടുകാർക്കിടയിലും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.സംഭവം വിവാദമായതോടെ കാർ കൊണ്ടുപോയ ആളുകൾ കാർ പോലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!