
newsdesk
കോട്ടയം ∙ എംഎൽഎയ്ക്ക് എന്താ ജോലി? കല്യാണം, മരണം, ഉത്സവം, പള്ളിപ്പെരുന്നാൾ എന്നിവയിൽ മാത്രമല്ല, നാട്ടിലുള്ള വീടുകളിലെ ചെറിയ ചടങ്ങിനുപോലും എത്തുന്നതാണു പുറമേ കാണുമ്പോൾ ഇപ്പോഴത്തെ പ്രധാന ജോലി. എന്നാൽ ഒരു എംഎൽഎയുടെ കടമയും ഉത്തരവാദിത്തങ്ങളും അതുക്കും മേലെയാണ്.
നിയമ നിർമാണം
∙ ഭരണഘടന അനുസരിച്ച് സംസ്ഥാന പട്ടികയിലും കൺകറന്റ് ലിസ്റ്റിലും എല്ലാ മേഖലയിലും നിയമങ്ങൾ രൂപീകരിക്കാൻ അധികാരമുണ്ട്. വിവിധ വിഷയങ്ങൾ സംബന്ധിച്ചു നിയമസഭയിൽ ബില്ലുകൾ അവതരിപ്പിക്കുക, ചർച്ച ചെയ്യുക, ഭേദഗതി വരുത്തുക, നിയമങ്ങൾ നിർമിക്കുക ഇവയിലെല്ലാം പങ്കാളിയാണ് എംഎൽഎ. നിയമസഭാ സമ്മേളനങ്ങളിൽ പൊതുപ്രാധാന്യമുള്ള കാര്യങ്ങൾ ഉന്നയിക്കാം.
സംസ്ഥാന പട്ടിക പ്രകാരം നിയമസഭയ്ക്കു തീരുമാനിക്കാൻ കഴിയുന്നത് 66 വിഷയങ്ങളാണ്. പൊതുവിഷയങ്ങൾ, പൊലീസ്, കോടതി, ഫീസ്, ജയിൽ, തദ്ദേശ സ്ഥാപനങ്ങൾ, പൊതുജനാരോഗ്യം, തീർഥാടനം, ആശയവിനിമയം, മത്സ്യബന്ധനം, നികുതി തുടങ്ങിയവയാണു പ്രധാന വിഷയങ്ങൾ. കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്നത് 47 വിഷയങ്ങളാണ്. പാർലമെന്റിനോടു ചേർന്നു ക്രിമിനൽ നിയമം, ക്രിമിനൽ നടപടിക്രമം, വിവാഹം, വിവാഹമോചനം, വനങ്ങൾ, വന്യജീവി സംരക്ഷണം എന്നിവയിൽ ഭേദഗതി വരുത്താൻ കഴിയും.
സാമ്പത്തിക അധികാരം
∙ ഒരു ധനബിൽ നിയമസഭയിൽ അവതരിപ്പിക്കാവുന്നതാണ്.
∙ സംസ്ഥാന ട്രഷറിയിൽനിന്നുള്ള ഏതൊരു ചെലവിനും നിയമസഭയിൽ അംഗങ്ങൾ സമ്മതം നൽകണം. എല്ലാ ഗ്രാന്റുകളും നികുതി വർധന നിർദേശങ്ങളും നടപ്പാക്കുന്നതിനും എംഎൽഎമാരുടെ അംഗീകാരം വേണം.
ഔദ്യോഗിക അധികാരം
∙ നിയമസഭാ അംഗങ്ങൾക്കു വിശ്വാസ വോട്ടെടുപ്പ് പാസാക്കാം. സംസ്ഥാന സർക്കാരിന്റെ നടപടികൾ നിയന്ത്രിക്കുന്നതിനു നിയമസഭാ അംഗങ്ങൾക്കു ചോദ്യോത്തരവേള, പ്രമേയങ്ങൾ, മാറ്റിവയ്ക്കൽ പ്രമേയങ്ങൾ എന്നിവ പ്രയോഗിക്കാൻ കഴിയും.
തിരഞ്ഞെടുപ്പ് അധികാരം
∙ മന്ത്രിസഭയിലേക്കുള്ള ആളുകളെ തിരഞ്ഞെടുക്കാനുള്ള അധികാരം എംഎൽഎമാർക്കാണ്.
ഭരണഘടനാപരം
∙ ഇന്ത്യൻ ഭരണഘടനയിലെ ഫെഡറൽ വ്യവസ്ഥകളുമായി ബന്ധപ്പെട്ട ഭാഗങ്ങൾ നിയമസഭയിൽ അംഗങ്ങളുടെ അംഗീകാരത്തോടെ ഭേദഗതി ചെയ്യാൻ കഴിയും. അക്കൗണ്ടന്റ് ജനറലിന്റെയും പബ്ലിക് സർവീസ് കമ്മിഷന്റെയും റിപ്പോർട്ടുകൾ അവലോകനം ചെയ്യാനാകും. സഭയിലെ വിവിധ കമ്മിറ്റികളെയും തിരഞ്ഞെടുക്കാം.
മറ്റ് ഉത്തരവാദിത്തങ്ങൾ
∙ മണ്ഡല വികസനം
സംസ്ഥാന സർക്കാരോ കേന്ദ്ര സർക്കാരോ പ്രഖ്യാപിക്കുന്ന പദ്ധതികൾ അവരുടെ മണ്ഡലത്തിൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഓരോ പൗരനെയും ബാധിക്കുന്ന പ്രശ്നങ്ങൾ എംഎൽഎയ്ക്കു നിയമസഭയിൽ ഉന്നയിക്കാൻ കഴിയും.
സർക്കാർ നിരീക്ഷണം
∙ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും വികസന മുരടിപ്പ്, അഴിമതി, മറ്റു പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിക്കുകയും ചെയ്യാം. നികുതിദായകരുടെ പണം എങ്ങനെ ചെലവഴിക്കുന്നുണ്ടെന്നു പരിശോധിക്കുകയും പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ സഭയിൽ അറിയിക്കുകയും ചെയ്യാം.
പൊതുജന സമ്പർക്കം
∙ മണ്ഡലം സന്ദർശിച്ചു ജനങ്ങളുടെ പരാതികൾ കേൾക്കുകയും അവ പരിഹരിക്കാൻ ഇടപെടുകയും ചെയ്യുക.
അടിസ്ഥാന ശമ്പളം
∙ എംഎൽഎയുടെ അടിസ്ഥാന ശമ്പളം 2000 രൂപയാണ്. ഇതിനുപുറമേ മണ്ഡല അലവൻസ്, ഓഫിസ് നടത്തിപ്പ്, ജനങ്ങളെ കാണുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് 25000 രൂപ, യാത്രച്ചെലവായി 20000, ഫോൺ അലവൻസ് 11000, വിവര അലവൻസ് – 4000, മറ്റു ചെലവുകൾ – 8000 ഉൾപ്പെടെ ആകെ 70,000 രൂപയാണ് ഒരു മാസം ലഭിക്കുക. നിയമസഭാ സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിനു യാത്രാബത്തയും ദിവസവേതനവും ലഭിക്കും. ചികിത്സാ സഹായം, വാഹന വായ്പ തുടങ്ങിയ ആനുകൂല്യങ്ങളുമുണ്ട്.
പ്രോട്ടോക്കോൾ
∙ സംസ്ഥാനതലത്തിൽ പ്രോട്ടോക്കോളിൽ കാബിനറ്റ് മന്ത്രിമാർക്കു താഴെയും ചീഫ് സെക്രട്ടറിക്കു മുകളിലുമാണ് എംഎൽഎയുടെ സ്ഥാനം. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനായ ഡിജിപിക്ക് മുകളിലാണ് എംഎൽഎയുടെ സ്ഥാനം.