അരീക്കോട് കൂട്ടക്കൊലക്കേസ് ;ഇ​ൻ​ഷു​റ​ൻ​സ് തു​ക​യ്ക്ക് വേ​ണ്ടി ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൊ​ന്നു, 12 വർഷത്തെ ഒളിവ് ജീവിതം അവസാനിച്ചു;പ്രതി മുഹമ്മദ് ഷരീഫ് കർണ്ണാടകയിൽ പിടിയിൽ

മഞ്ചേരി: നാടിനെ നടുക്കിയ അരീക്കോട് വാവൂർ കൂട്ടക്കൊലക്കേസിലെ പ്രതി 12 വർഷത്തെ ഒളിവുജീവിതത്തിന് ശേഷം പോലീസ് പിടിയിലായി . വാവൂർ കൂടാംതൊടി മുഹമ്മദ് ഷരീഫിനെയാണ് വെള്ളിയാഴ്ച പകൽ മൂന്നരയോടെ കർണ്ണാടകയിലെ പരപ്പ അഗ്രഹാരത്തിൽ വെച്ച് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഭാര്യയെയും രണ്ട് പിഞ്ചുമക്കളെയും വെള്ളക്കെട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണിയാൾ.

2013 ജൂലൈയിലായിരുന്നു കേരളത്തെ നടുക്കിയ ഈ സംഭവം നടന്നത്. ഒളവട്ടൂർ മായങ്കരതടത്തിൽ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (4), ഹൈഫ (രണ്ട്) എന്നിവരെയാണ് ഷരീഫ് ആസൂത്രിതമായി കൊലപ്പെടുത്തിയത്.പെരുന്നാളിന് വസ്ത്രങ്ങൾ വാങ്ങി മടങ്ങുന്നതിനിടെ വാഹനത്തിന്റെ ടയർ പഞ്ചറായി അപകടമുണ്ടായതാണെന്നായിരുന്നു ഷരീഫ് ആദ്യം പറഞ്ഞിരുന്നത്. രണ്ട് വയസ്സുകാരിയായ മകളുടെ മൃതദേഹവുമായി സമീപത്തെ വീട്ടിലെത്തി ഇയാൾ തന്നെയാണ് വിവരം അറിയിച്ചത്.

ഭാര്യയുടെ പേരിലുള്ള 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക കൈക്കലാക്കി മറ്റൊരു വിവാഹം കഴിച്ച് ജീവിക്കാനായിരുന്നു ഷരീഫിന്റെ പദ്ധതിയെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

കുറ്റകൃത്യം നടന്ന് 76-ാം ദിവസം പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ 2014 ഏപ്രിലിൽ മഞ്ചേരി സെഷൻസ് കോടതിയിൽ കുറ്റപത്രം വായിച്ചു കേൾക്കാനിരിക്കെ ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവിൽ പോകുകയായിരുന്നു. പ്രതിയെ കണ്ടെത്താനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അതീവ രഹസ്യമായി നീങ്ങിയാണ് കർണ്ണാടകയിൽ നിന്ന് പ്രതിയെ പിടികൂടിയത്. നീതി തേടി സാബിറയുടെ കുടുംബം മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്ക് നൽകിയ പരാതികളുടെയും പോലീസിന്റെ നിരന്തര പരിശ്രമത്തിന്റെയും ഫലമായാണ് പ്രതി ഇപ്പോൾ വലയിലായത്. ഇയാളെ ഉടൻ തന്നെ മഞ്ചേരി കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!