
newsdesk
വടകര : വടകരയിൽ രണ്ട് ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ പൂജാരി അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സുകൃതത്തിൽ സമ്പത്തിനെയാണ് വടകര പോലീസ് ബാംഗ്ലൂരിൽ വെച്ച് സാഹസികമായി പിടികൂടിയത്. 12-ഉം ആറും വയസ്സുള്ള സഹോദരങ്ങളാണ് മൃഗീയമായ പീഡനത്തിന് ഇരയായത്.
ഭർത്താവുമായി പിരിഞ്ഞ് താമസിച്ചിരുന്ന യുവതി ട്രെയിൻ യാത്രയ്ക്കിടെ പ്രതിയെ പരിചയപ്പെട്ടതായാണ് വിവരം. തുടർന്ന് വിവിധ സ്ഥലങ്ങളിൽ ഒരുമിച്ച് താമസിക്കുന്നതിനിടെ കുട്ടികൾ പീഡനത്തിനിരയായതായി പോലീസ് പറയുന്നു. യുവതി ജോലിക്കായി സംസ്ഥാനത്തിന് പുറത്തായിരുന്ന സമയങ്ങളിൽ പ്രതിയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
12 വയസ്സും ആറു വയസ്സും പ്രായമുള്ള കുട്ടികളെയാണ് പ്രതി ഉപദ്രവിച്ചതെന്ന് പരാതിയിൽ പറയുന്നു.അയൺ ബോക്സ് കൊണ്ട് പൊള്ളിക്കുകയും മുട്ടുസൂചി കൊണ്ട് ശരീരത്തിൽ കുത്തുകയും ചെയ്തതായും കുട്ടികൾ പോലീസിനോട് പറഞ്ഞു. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടികൾ മൊഴി നൽകി.
വിവരം അറിഞ്ഞ യുവതി കുട്ടികളുമായി വടകര പോലീസിൽ പരാതി നൽകിയതോടെ പ്രതി ഒളിവിൽ പോയിരുന്നു. വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ച ശേഷം ഡൽഹിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
പ്രതി വടകരയിലും സമീപ പ്രദേശങ്ങളിലുമുള്ള ചില ക്ഷേത്രങ്ങളിൽ പൂജാരിയായി ജോലി ചെയ്തിരുന്നുവെന്നും പോലീസ് പറഞ്ഞു. ജനുവരി 16-നാണ് കേസുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചത്.