സീബ്രാ ലൈനിലും രക്ഷയില്ല ; താമരശ്ശേരിയില്‍ ഹോം ഗാര്‍ഡിനെ മിനി ലോറി ഇടിച്ചു തെറിപ്പിച്ചു; അപകടം സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനിടെ

താമരശേരി: സീബ്രാ ലൈനിലൂടെ വിദ്യാര്‍ത്ഥികളെ റോഡ് മുറിച്ചു കടക്കാന്‍ സഹായിക്കുന്നതിനിടെ ഹോം ഗാര്‍ഡിനെ മിനി ലോറി ഇടിച്ചു തെറിപ്പിച്ചു. താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് ടി ജെ ഷാജിക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനാൽ ഷാജിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കോരങ്ങാട് ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളിന് സമീപത്ത് വെച്ചായിരുന്നു അപകടം. വിദ്യാര്‍ത്ഥികള്‍ക്ക് സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച കടക്കാനായി വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനിടയിലാണ് ഷാജിയെ മിനി ലോറി ഇടിച്ചത്. മിനി ലോറി അമിത വേഗതയിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ഷാജി തെറിച്ച്‌ വീണു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ലോറി ഡ്രൈവറായ നടുവണ്ണൂര്‍ മന്ദങ്കാവ് സ്വദേശി എന്‍ പി സുജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

error: Content is protected !!