അഗസ്ത്യൻമുഴിയിലെ ബ്ലോക്ക്: ഇത് വെറുമൊരു ഗതാഗത പ്രശ്നമല്ല, നമ്മുടെ ജീവിതത്തിന്റെ വിലപ്പെട്ട നിമിഷങ്ങളാണ്! ഹൃദയഭേദകമായി യുവാവിന്റെ കുറിപ്പുകൾ

അഗസ്ത്യൻമുഴിയിലെ ബ്ലോക്ക് എന്നും വാർത്തകളിൽ നിറയാറുണ്ട് .കഴിഞ്ഞ ദിവസം മലയോരത്തിന്റെ എം എൽ എ ലിന്റോ ജോസഫ് ഇത് ഒഴിവാക്കുന്നതിനുള്ള പത്തു നിർദേശങ്ങൾ വിശദീകരിച്ചിരുന്നു . കാലങ്ങളായി അഗസ്ത്യൻമുഴിയിലെ ഗതാഗതക്കുരുക്ക് തുടർകഥയാണ് , ഇത് വെറുമൊരു ഗതാഗത പ്രശ്നമല്ല, നമ്മുടെ ജീവിതത്തിന്റെ വിലപ്പെട്ട നിമിഷങ്ങളാണ്! എന്ന് പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയ വഴി യുവാവ് പങ്കു വെച്ച അനുഭവ കുറിപ്പ് ഹൃദയഭേദകമായി.

കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

അഗസ്ത്യൻമുഴിയിലെ ഗതാഗതക്കുരുക്ക് കാരണം കഴിഞ്ഞ ദിവസം എനിക്കുണ്ടായ അനുഭവം ഹൃദയഭേദകമാണ്. നമ്മുടെ നാട്ടിലെ ഈ ബ്ലോക്ക് എത്രത്തോളം സാധാരണക്കാരെ ബാധിക്കുന്നു എന്നതിന് ഇതിലും വലിയ ഉദാഹരണമില്ല.

കുടുംബത്തിലെ ഏറ്റവും അടുത്ത ഒരാളുടെ മരണം നടന്ന ദിവസം. അരീക്കോട്ടെ വീട്ടിൽ 4:30-ന് മയ്യത്ത് എടുക്കുമെന്ന വിവരം അറിഞ്ഞ്, വീട്ടിലുള്ളവരോട് തയ്യാറായി നിൽക്കാൻ പറഞ്ഞ് 2:45-ന് ഞാൻ മുക്കത്തെ ഷോപ്പിൽ നിന്നും വീട്ടിലേക്ക് തിരിച്ചു. സാധാരണ ഗതിയിൽ വെറും 5 മിനിറ്റ് കൊണ്ട് എത്തുമായിരുന്ന ദൂരം. പക്ഷേ, അഗസ്ത്യൻമുഴിയിലെ ബ്ലോക്കിൽ കുടുങ്ങി ഞാൻ വീട്ടിലെത്തിയത് 3:45-ന്!

ഒരു മണിക്കൂറോളം ആ തിരക്കിൽ ഹോമിക്കപ്പെട്ടു. അവിടെനിന്ന് വീട്ടുകാരെയും കൂട്ടി അരീക്കോട്ടെ മരണവീട്ടിൽ എത്തിയപ്പോഴേക്കും പ്രിയപ്പെട്ടവന്റെ ഖബറടക്കം കഴിഞ്ഞിരുന്നു. ആ അവസാന നിമിഷങ്ങളിൽ ഒന്ന് കാണാൻ പോലും കഴിയാതെ പോയതിന്റെ സങ്കടം പറഞ്ഞറിയിക്കാൻ വയ്യ. എന്റെ കൃത്യമായ പ്ലാനിംഗും കണക്കുകൂട്ടലും തെറ്റിച്ചത് നമ്മുടെ റോഡിലെ ഈ ശ്വാസംമുട്ടിക്കുന്ന ബ്ലോക്കാണ്.

അധികാരികളുടെ ശ്രദ്ധയ്ക്ക്:

  • മെഡിക്കൽ കോളേജിലേക്കും KMCT-യിലേക്കും രോഗികളുമായി പോകുന്നവർക്ക് ഇത് പ്രധാന റൂട്ടാണ്. ആംബുലൻസുകൾ പോലും ഇവിടെ നിസ്സഹായമാവുകയാണ്.
  • തിരഞ്ഞെടുപ്പുകൾ കഴിഞ്ഞ് പുതിയ ഭരണസമിതികൾ അധികാരമേറ്റ ഈ സമയത്ത്, അഗസ്ത്യൻമുഴിയിലെ കുരുക്കിന് ഒരു ശാശ്വത പരിഹാരം കാണുക എന്നത് നിങ്ങളുടെ പ്രഥമ പരിഗണനയിൽ ഉണ്ടാകണം.

ഇനിയൊരാൾക്കും തന്റെ പ്രിയപ്പെട്ടവരുടെ അവസാന നിമിഷങ്ങൾ ഇതുപോലെ റോഡിലെ ബ്ലോക്ക് കാരണം നഷ്ടപ്പെടരുത്. നാട്ടുകാരുടെ ഈ ദുരിതത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണാൻ അധികൃതർ തയ്യാറാകണം.

ഇത്രെയും നിർദേശങ്ങളും നൽകി കൊണ്ടാണ് യുവാവ് കുറിപ്പ് അവസാനിപ്പിച്ചത് .

error: Content is protected !!