തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം: നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് കലക്ടർ

കോഴിക്കോട് ∙ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിങ്. സംഘർഷത്തിനിടയാക്കുന്ന പ്രവർത്തനങ്ങൾ ആരിൽനിന്നും ഉണ്ടാവരുത്. എതിർ രാഷ്ട്രീയകക്ഷി നേതാക്കളെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതും അവരുടെ സ്വകാര്യതയെ ഹനിക്കുന്നതുമായ പ്രചാരണം പാടില്ല. ആരാധനാലയങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയാക്കുന്നതും ജാതി-മത വികാരങ്ങൾ മുതലെടുത്ത് വോട്ടു പിടിക്കുന്നതും കുറ്റകരമാണ്.

നാമനിർദേശ പത്രിക സമർപ്പിക്കാൻ പോകുന്ന സ്ഥാനാർഥിക്കൊപ്പം മൂന്ന് അകമ്പടി വാഹനങ്ങൾ മാത്രമേ വരണാധികാരിയുടെ ഓഫിസിന്റെ നൂറ് മീറ്റർ പരിധിക്കുള്ളിൽ പ്രവേശിക്കാവൂ. പത്രിക സമർപ്പണ വേളയിൽ വരണാധികാരിയുടെ മുറിയിലേക്ക് സ്ഥാനാർഥി ഉൾപ്പെടെ അഞ്ചുപേർ മാത്രമേ പ്രവേശിക്കാവൂ. നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനാ വേളയിൽ സ്ഥാനാർഥിക്കൊപ്പം തിരഞ്ഞെടുപ്പ് ഏജന്റ്, നിർദേശകൻ എന്നിവർക്ക് പുറമെ മറ്റൊരാൾക്ക് (ആവശ്യമെങ്കിൽ വക്കീലാവാം) സ്ഥാനാർഥി എഴുതി നൽകുകയാണെങ്കിൽ വരണാധികാരിയുടെ മുറിയിൽ പ്രവേശിക്കാം.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥാനാർഥിക്ക് ഇരുചക്ര വാഹനമുൾപ്പെടെ എത്ര വാഹനങ്ങൾ വേണമെങ്കിലും ഉപയോഗിക്കാം. എന്നാൽ, അതിന്റെ ചെലവ് സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കിന്റെ പരിധിയിൽ വരും. പ്രചാരണ വാഹനത്തിന് വരണാധികാരിയുടെ അനുമതി വാങ്ങുകയും വരണാധികാരി നൽകുന്ന അസൽ പെർമിറ്റ് വാഹനത്തിന്റെ മുൻവശത്ത് കാണത്തക്ക വിധം പ്രദർശിപ്പിക്കുകയും വേണം. പെർമിറ്റിൽ വാഹനത്തിന്റെ നമ്പർ, സ്ഥാനാർഥിയുടെ പേര് എന്നിവ ഉണ്ടാകണം. ഒരു സ്ഥാനാർഥിയുടെ പേരിൽ പെർമിറ്റ് എടുത്ത വാഹനം മറ്റൊരു സ്ഥാനാർഥിയുടെ പ്രചാരണത്തിന് ഉപയോഗിക്കുന്നത് കുറ്റകരമാണ്.

സർക്കാർ പ്രത്യേക സുരക്ഷ അനുവദിച്ചിട്ടുള്ളവർക്ക് സുരക്ഷാ അധികാരികളും ഇന്റലിജൻസ് ഏജൻസികളും നിർദേശിച്ചത് പ്രകാരം ബുള്ളറ്റ് പ്രൂഫ് വാഹനം ഉപയോഗിക്കാവുന്നതാണ്. സുരക്ഷാ അധികാരികൾ നിഷ്‌കർഷിച്ചിട്ടുണ്ടെങ്കിൽ മാത്രമേ പകരം വാഹനമായി ഒന്നിൽ കൂടുതൽ വാഹനങ്ങൾ ഉപയോഗിക്കാൻ പാടുള്ളൂ. ഇപ്രകാരം ബുള്ളറ്റ്പ്രൂഫ് വാഹനങ്ങൾ ഓടിക്കുന്നതിന്റെ ചെലവ് അതത് വ്യക്തികൾ വഹിക്കേണ്ടതാണ്. പൈലറ്റ് വാഹനവും എസ്‌കോർട്ട് വാഹനവും ഉൾപ്പെടെ ബുള്ളറ്റ് പ്രൂഫ് വാഹനത്തെ അനുഗമിക്കുന്ന വാഹനങ്ങളുടെ എണ്ണം സുരക്ഷാ അധികാരികൾ അനുവദിച്ചിട്ടുള്ള എണ്ണത്തിൽ കൂടാൻ പാടില്ല. സർക്കാർ വാഹനങ്ങൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും ഓടിക്കുന്നതിന്റെ ചെലവ് അതത് വ്യക്തികൾ വഹിക്കണം.

ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെയോ വരണാധികാരിയുടെയോ പെർമിറ്റില്ലാത്ത വാഹനം പ്രചാരണത്തിന് ഉപയോഗിച്ചാൽ അനധികൃത പ്രചാരണ വാഹനമായി കണക്കാക്കി നടപടി സ്വീകരിക്കും. ഈ വാഹനങ്ങൾ പിന്നീട് പ്രചാരണ വാഹനമായി ഉപയോഗിക്കരുത്. രാഷ്ട്രീയ കക്ഷികളുടെ റാലിക്കും തിരഞ്ഞെടുപ്പ് പ്രചാരണത്തിനും വിദ്യാഭ്യാസ സ്ഥാപനങ്ങളും അവയുടെ കളിസ്ഥലവും ഉപയോഗിക്കാൻ പാടില്ല.

നിലവിലുള്ള നിയമങ്ങൾക്കും കോടതി ഉത്തരവുകൾക്കും അനുസൃതമായി പൊതുസ്ഥലത്ത് പ്രചാരണ സാമഗ്രികൾ സ്ഥാപിക്കുന്നതിന് വിലക്കില്ല. സർക്കാർ ഓഫിസുകളിലും അവയുടെ കോമ്പൗണ്ടിലും പരിസരത്തും ചുവർ എഴുതാനോ പോസ്റ്റർ ഒട്ടിക്കാനോ ബാനർ, കട്ടൗട്ട് തുടങ്ങിയവ സ്ഥാപിക്കാനോ പാടില്ല. സ്വകാര്യ സ്ഥാപനങ്ങളിലും സ്വകാര്യ വ്യക്തിയുടെ സ്ഥലങ്ങളിലും പ്രചാരണ സാമഗ്രികൾ സ്ഥാപിക്കുന്നതിനും ചുമരെഴുതുന്നതിനും ഉടമയുടെ രേഖാമൂലമുള്ള അനുമതിപത്രം വാങ്ങുകയും അത് വരണാധികാരിക്കോ അധികാരപ്പെട്ട ഉദ്യോഗസ്ഥനോ മൂന്നു ദിവസത്തിനകം സമർപ്പിക്കുകയും വേണം.

പ്രകടനം നടക്കുമ്പോൾ രാഷ്ട്രീയ കക്ഷിയുടേയോ സ്ഥാനാർഥിയുടേയോ വാഹനത്തിൽ മോട്ടർ വാഹന നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി തിരഞ്ഞെടുപ്പ് പരസ്യം, കൊടി എന്നിവ പ്രദർശിപ്പിക്കാവുന്നതാണ്. വോട്ടർമാരെ ബോധവത്കരിക്കാൻ യഥാർഥ ബാലറ്റ് യൂണിറ്റുകളുടെ പകുതി വലുപ്പത്തിലുള്ളതും തടിയിലോ പ്ലൈവുഡിലോ നിർമിച്ചതുമായ ഡമ്മി ബാലറ്റു യൂണിറ്റുകൾ ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഇത് യഥാർത്ഥ ബാലറ്റുയൂണിറ്റുകളുടെ നിറത്തിലാകാൻ പാടില്ല.

ദൈവങ്ങളുടെയോ ആരാധനാമൂർത്തികളുടെയോ ചിത്രം ആലേഖനം ചെയ്ത ഡയറി, കലണ്ടർ, സ്റ്റിക്കർ എന്നിവ വിതരണം ചെയ്യാൻ പാടില്ല. പരിസ്ഥിതി മലിനീകരണം കണക്കിലെടുത്ത് പ്ലാസ്റ്റിക്, ഫ്‌ളക്‌സ് എന്നിവ ഒഴിവാക്കിയുള്ള പ്രചാരണ സാമഗ്രികൾ തയാറാക്കണം. ഇവയുടെ ഉപയോഗം സംബന്ധിച്ച് സർക്കാറോ സർക്കാർ ഏജൻസികളോ കോടതിയോ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം. പ്രസാധകന്റെയും അച്ചടി സ്ഥാപനത്തിന്റെയും പേര്, വിലാസം, അച്ചടിക്കുന്ന കോപ്പികളുടെ എണ്ണം എന്നിവ ഉൾക്കൊള്ളിച്ചേ പോസ്റ്ററുകളും ലഘുലേഖകളും അച്ചടിക്കാവൂ. ഇതിന്റെ പകർപ്പ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സമർപ്പിക്കണം.

പ്രചാരണത്തിന്റെ ഭാഗമായി സ്ഥാനാർഥിയുടെ ഫോട്ടോയോ ചിഹ്നമോ ആലേഖനം ചെയ്ത തൊപ്പി, മുഖംമൂടി, മാസ്‌ക് പോലുള്ളവ ഉപയോഗിക്കാം. ഇവയുടെ ചെലവ് ബന്ധപ്പെട്ട സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തണം. എന്നാൽ, വോട്ടർമാരെ സ്വാധീനിക്കാൻ വസ്ത്രങ്ങളോ മറ്റു സാധനങ്ങളോ വിതരണം ചെയ്യുന്നത് കുറ്റകരമാണ്. പ്രചാരണത്തിനായി സിനിമ, ടെലിവിഷൻ, സമൂഹ മാധ്യമങ്ങൾ തുടങ്ങിയവ ഉപയോഗിക്കാം. എന്നാൽ, പൊതുപ്രചാരണം അവസാനിച്ച ശേഷം ഇത്തരം മാധ്യമങ്ങളിലൂടെയും പ്രചാരണം പാടില്ല.

ഏതെങ്കിലും പൊതുസ്ഥലമോ സ്വകാര്യ സ്ഥലമോ കൈയേറിയോ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവയിലോ രാഷ്ട്രീയപാർട്ടികളും സ്ഥാനാർഥികളും താൽക്കാലിക ഓഫിസ് സ്ഥാപിക്കരുത്. പഞ്ചായത്തുകളിൽ പോളിങ് സ്റ്റേഷന്റെ 200 മീറ്റർ പരിധിയിലും നഗരസഭകളിൽ 100 മീറ്റർ പരിധിയിലും ഓഫീസുകൾ പ്രവർത്തിപ്പിക്കരുത്.

പ്രചാരണ സമയം അവസാനിച്ച ശേഷം മണ്ഡലത്തിന് പുറത്തുനിന്ന് പ്രചാരണത്തിനെത്തിയ രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും മണ്ഡലം വിട്ട് പോകണം. എന്നാൽ, സ്ഥാനാർഥിയോ ഇലക്‌ഷൻ ഏജന്റോ മണ്ഡലത്തിന് പുറത്തുള്ള ആളായാലും മണ്ഡലം വിട്ടു പോകേണ്ടതില്ല. വാർഡിനു പുറത്തുള്ളവർ വോട്ടെടുപ്പ് തലേദിവസം നിശബ്ദ പ്രചാരണം നടത്താൻ പാടില്ല. യോഗങ്ങൾ നടത്തുന്ന സ്ഥലം, പ്രചാരണ ജാഥ കടന്നു പോകുന്നവഴി എന്നിവ കാണിച്ച് ബന്ധപ്പെട്ട പോലീസ് അധികാരിയിൽ നിന്ന് മുൻകൂർ അനുമതി രേഖാമൂലം വാങ്ങേണ്ടതാണ്. ഇതു സംബന്ധിച്ചുള്ള കോടതി നിർദേശങ്ങളും പാലിക്കണം.

ഉച്ചഭാഷിണി ഉപയോഗത്തിന് ബന്ധപ്പെട്ട പൊലീസ് അധികാരിയിൽനിന്ന് ആവശ്യമായ അനുമതി രേഖാമൂലം വാങ്ങണം. രാത്രി പത്ത് മുതൽ രാവിലെ ആറ് വരെയുള്ള ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല. അനുവദനീയമായ ശബ്ദം മാത്രമേ ഉച്ചഭാഷിണികൾ പുറപ്പെടുവിക്കാൻ പാടുള്ളു. രാത്രി പത്ത് മണിക്കും രാവിലെ ആറു മണിക്കും ഇടയിൽ പൊതുയോഗമോ ജാഥയോ യോഗമോ പാടില്ല. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പു മുതൽ വോട്ടെടുപ്പ് അവസാനിക്കുന്നതു വരെയുള്ള സമയത്ത് പൊതുയോഗം ജാഥ എന്നിവ പാടില്ല.

രാഷ്ട്രീയ കക്ഷികൾ വോട്ടർമാർക്ക് നൽകുന്ന സ്ലിപ്പുകൾ വെള്ള പേപ്പറിൽ തയാറാക്കേണ്ടതും വോട്ടറുടെ പേര്, സീരിയൽ നമ്പർ, പാർട്ട് നമ്പർ, പോളിങ് സ്റ്റേഷന്റെ പേര് എന്നീ വിവരങ്ങൾ മാത്രം രേഖപ്പെടുത്തിയതുമാകണം. ഈ സ്ലിപ്പിൽ സ്ഥാനാർഥിയുടെ പേരോ ചിഹ്നമോ ഫോട്ടോയോ പാടില്ല. പോളിങ് ഏജന്റുമാരായി നിയോഗിക്കപ്പെടുന്നവർ ബന്ധപ്പെട്ട നിയോജകമണ്ഡലത്തിലെ/വാർഡിലെ വോട്ടറായിരിക്കണം. ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും ഉണ്ടായിരിക്കണം.

error: Content is protected !!