
NEWSDESK
മുക്കം : ഗോഡ്സേയെ പ്രകീർത്തിച്ച കോഴിക്കോട് എന്‍ഐടി അധ്യാപിക ഷൈജ ആണ്ടവനെ ഡീനാക്കിയതിനെതിരെ പ്രതിഷേധം ശക്തം. ഷൈനയെ ഡീനാക്കിയ നടപടിക്കെതിരെ കേന്ദ്രമാനവശേഷി മന്ത്രിക്ക് പരാതി നല്‍കുമെന്ന് എം.കെ രാഘവൻ . ഷൈജയെ ചുമതലകളിൽ നിന്ന് നീക്കിയില്ലെങ്കിൽ പ്രത്യക്ഷസമരവുമായി തെരുവിലിറങ്ങുമെന്ന് ഡിവൈഎഫ്ഐയും മുന്നറിയിപ്പ് നൽകി.
ഗോഡ്സയെ പുകഴ്ത്തിയ ഷൈജ അണ്ടവനെതിരെ കലാപഹ്വാനത്തിന് കേസ് എടുത്തിട്ടും എൻ.ഐ.ടി ആഭ്യന്തര അന്വേഷണ സമിതി അധ്യക്ഷയായി ഷൈജ ആണ്ടവൻ തുടരുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നിരുന്നു. അതിനിടയിലാണ് വകുപ്പ് മേധാവി പോലും ആകാത്ത ഷൈജയെ പ്ലാനിങ് ആന്‍ഡ് ഡെവലപ്പ്മെന്‍റ് ഡീനാക്കി ഉയര്‍ത്തിയത്. രാഷ്ട്രപിതാവിനെ അധിക്ഷേപിച്ച ഷൈജക്കെതിരെ നടപടിയെടുക്കാതെ ഡീനായി ഉയര്‍ത്തിയത് നാടിനൊടുള്ള വെല്ലുവിളിയെന്ന് എം. കെ രാഘവൻ എം.പി പറഞ്ഞു.
ഷൈജ ആണ്ടവനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ എൻ.ഐ.ടിയിലേക്ക് മാർച്ച് നടത്തി. ഇന്ന് എസ്എഫ്ഐ എൻ ഐ ടി ലേക്ക് മാർച്ച് നടത്തും. വരും ദിവസങ്ങളിൽ രാഷ്ട്രീയ ഭേദമില്ലാതെ തെരുവിലേക്കിറങ്ങാനാണ് മറ്റു വിദ്യാര്‍ഥികളുടേയും തീരുമാനം.