
അലാസ്കയ്ക്ക് സമീപം 7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ്. മേഖലയിൽ ചെറിയ സുനാമി തിരമാലയുണ്ടായതായി യുഎസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ആൾനാശമോ മറ്റ് അപകടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
തിങ്കളാഴ്ച പ്രാദേശിക സമയം 1.54 നാണ് ഭൂചനമുണ്ടായത്. സാൻഡ് ഹിൽ നഗരത്തിന് 100 കിലോമീറ്റർ തെക്ക് കിഴക്ക് 40 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യു.എസ്. ജിയോളജിക്കൽ സർവേ അറിയിച്ചു. അഞ്ചിന് മുകളിൽ തീവ്രതയുള്ള നിരവധി തുടർ ചലനങ്ങളുമുണ്ടായി.
അലാസ്കയിലെ കെന്നഡി എൻട്രൻസ് മുതൽ യൂണിമാക് പാസ് വരെയുള്ള പസഫിക് തീരത്ത് നാഷണൽ വെതർ സർവീസ് സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. തെക്കൻ തീരത്ത് സുനാമി മുന്നറിയിപ്പ് പരിഗണിച്ച് താമസക്കാരെ ഉയർന്ന സ്ഥലത്തേക്ക് മാറ്റി.