
newsdesk
പത്തനംതിട്ട: വോട്ടർ ഐഡിക്കായി അപേക്ഷ നൽകി ഒന്നിൽ കൂടുതൽ വോട്ടർ ഐഡി ലഭിച്ചതിന്റെ അമ്പരപ്പിലാണ് പത്തനംതിട്ട സ്വദേശിയായ യുവാവ്. വെണ്ണിക്കുളം സ്വദേശി ബെഞ്ചമിൻ സി ബോസിനാണ് ഒറ്റ അപേക്ഷയിൽ മൂന്ന് വോട്ടേഴ്‌സ് ഐഡികൾ ലഭിച്ചത്. ഒറ്റ അപേക്ഷയിൽ മൂന്ന് തിരിച്ചറിയൽ കാർഡുകൾ ലഭിച്ചതിന്റെ ആശ്ചര്യത്തിലാണ് ബെഞ്ചമിനും കുടുംബവും.
ആറുമാസം മുൻപ് വോട്ടർ ഐഡിക്കായി അപേക്ഷ നൽകിയ ബെഞ്ചമിന് ഒന്നരമാസം മുൻപ് തപാൽ വഴി ഐഡി കാർഡ് ലഭിച്ചു.
ദിവസങ്ങൾക്കിപ്പുറം മറ്റൊരാവശ്യത്തിനായി പോസ്റ്റ് ഓഫീസിൽ ചെന്നപ്പോൾ രണ്ട് കാർഡുകൾ കൂടി അധികൃതർ കൈമാറി. തുറന്നു പരിശോധിച്ചപ്പോൾ ഐഡി കാർഡിന്റെ നമ്പറുകൾ വ്യത്യസ്തമാണെന്ന് മനസ്സിലായി. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്നറിയാത്ത അവസ്ഥയിലാണ് ബെഞ്ചമിനും കുടുംബവും. ഇനിയും വോട്ടർ ഐഡികൾ വരുമോ എന്നാണ് ഇവരുടെ സംശയം. ഒരു തവണ മാത്രമേ വോട്ടർ ഐഡിക്കായി അപേക്ഷിച്ചിട്ടുള്ളൂ എന്ന കുടുംബം ഉറപ്പിച്ചു പറയുമ്പോൾ എന്താണ് സംഭവിച്ചതെന്ന് ഇനി വിശദീകരിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ്.