ഭാര്യാസഹോദരിക്ക് സർജറി, 40,000 രൂപ വേണം’: കേരളത്തിലെ ആദ്യ ഡീപ്ഫെയ്ക്കിൽ കുരുങ്ങിയത് കോഴിക്കോട് സ്വദേശി: മുഖ്യപ്രതി കാണാമറയത്ത്

newsdesk

തിരുവനന്തപുരം∙ കേന്ദ്ര സർക്കാര്‍ സ്ഥാപനത്തിൽനിന്നും റിട്ടയർ ചെയ്ത കോഴിക്കോട് സ്വദേശിക്ക് കൂടെ ജോലി ചെയ്തിരുന്ന സുഹൃത്തിന്റെ വിഡിയോ കോൾ വന്നു. ആന്ധ്രാ സ്വദേശിയായ സുഹൃത്തിന്റെ പേരിലായിരുന്നു സെക്കൻഡുകള്‍ മാത്രം ദൈർഘ്യമുള്ള വിഡിയോ കോൾ. മുംബൈയിലെ ആശുപത്രിയിലുള്ള ഭാര്യയുടെ സഹോദരിക്ക് അടിയന്തര സർജറിക്കായി 40,000 രൂപ ആവശ്യമാണെന്നായിരുന്നു സുഹൃത്ത് പറഞ്ഞത്.
അമേരിക്കയിലാണെന്നും മുംബൈയിലെത്തിയാൽ ഉടന്‍ പണം തിരിച്ചു തരാമെന്നും സുഹൃത്ത് പറഞ്ഞതിനെ തുടർന്ന് കോഴിക്കോട് സ്വദേശി ഗൂഗിൾപേ വഴി പണമയച്ചു. കൂടുതൽ പണം വിഡിയോയിലൂടെ ആവശ്യപ്പെട്ടപ്പോൾ സുഹൃത്തിനെ ഫോണിൽ വിളിച്ചപ്പോഴാണ് തട്ടിപ്പു മനസിലായത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡീപ്ഫെയ്ക് സാങ്കേതിക വിദ്യയും ഉപയോഗിച്ച് വിഡിയോ കോളിലൂടെ തട്ടിപ്പു നടത്തുന്ന കേരളത്തിലെ ആദ്യത്തെ കേസാണ് കോഴിക്കോട് സൈബർ പൊലീസിനു മുന്നിലെത്തിയത്. ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങളിൽ നടത്തിയ സങ്കീർണമായ പരിശോധനകൾക്കൊടുവിൽ 4 പ്രതികൾ പിടിയിലായി. മുഖ്യപ്രതിയെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നു.

കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു സംഭവം. കോഴിക്കോട് സ്വദേശിയുടെ ആന്ധ്രയിലുള്ള സൗഹൃത്തിന്റെ രൂപസാദൃശ്യമുള്ള ആളാണ് ഡീപ്ഫെയ്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ആന്ധ്രയിലെ സുഹൃത്തും ഭാര്യയും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോയും ശബ്ദ സന്ദേശവും വാട്സാപ്പിലും അയച്ചു നൽകി. പണം നൽകിയശേഷം തട്ടിപ്പ് തിരിച്ചറിഞ്ഞ് കോഴിക്കോട് സ്വദേശി സുഹൃത്തിനോട് ഫോണിൽ സംസാരിച്ചപ്പോൾ അദ്ദേഹത്തോടും ഇതേ രീതിയിൽ പണം ആവശ്യപ്പെട്ടതായി മനസിലായി. ആന്ധ്ര സ്വദേശി അമേരിക്കയിൽ പോയിരുന്നില്ല.

error: Content is protected !!