3000 രൂപ കൈക്കൂലി വാങ്ങി : കാസർകോട്ട് വില്ലേജ് ഓഫീസറും അസിസ്റ്റന്റും പിടിയിൽ

NEWSDESK

കാസർകോട്: ലീഗൽ ഹയർ സർട്ടിഫിക്കറ്റും തണ്ടപ്പേരും അനുവദിക്കാൻ 3000 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും വിജിലൻസിന്റെ പിടിയിൽ . ചിത്താരി വില്ലേജ് ഓഫീസർ കൊടക്കാട് വെള്ളച്ചാൽ സ്വദേശി സി. അരുൺ കുമാർ, വില്ലേജ് അസിസ്റ്റന്റ് പിലിക്കോട് വറക്കോട്ട് വയലിലെ കെ.വി സുധാകരൻ എന്നിവരെയാണ് വിജിലൻസ് ഡിവൈ.എസ്.പി വി.കെ വിശ്വംഭരൻ നായരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.ചാമുണ്ഡിക്കുന്ന്, മുനയംകോട് ഹൗസിൽ എം. അബ്ദുൽ ബഷീറാണ് ഇവർക്കെതിരെ പരാതി നല്കിയത്.

അബ്ദുൽ ബഷീർ തന്റെ സഹോദരീ ഭർത്താവിന്റെ പേരിൽ കൊട്ടിലങ്ങാട് എന്ന സ്ഥലത്ത് 17.5 സെന്റ് സ്ഥലം വാങ്ങുന്നതിന് ആറുമാസം മുമ്പ് കരാറുണ്ടാക്കിയിരുന്നു. മരണപ്പെട്ട മൊയ്തീൻ എന്നയാളുടെ പേരിലുള്ള സ്ഥലം വില്ലേജ് ഓഫീസർ അളന്ന് തിട്ടപ്പെടുത്തി സൈറ്റ് പ്ലാനിനും തണ്ടപ്പേർ ലഭിക്കുന്നതിനും ഇവർ അപേക്ഷിച്ചിരുന്നു.

ആദ്യം ലീഗൽ ഹയർ സർട്ടിഫിക്കറ്റ് വാങ്ങണമെന്ന വില്ലേജ് ഓഫീസറുടെ നിർദ്ദേശം അനുസരിച്ച് ഇതിനും അപേക്ഷ നല്കി. സ്ഥലം ഉടമയായിരുന്ന മൊയ്തീന്റെ ഭാര്യ ഖദീജയ്ക്ക് വേണ്ടി പരാതിക്കാരൻ അപേക്ഷയുമായി വില്ലേജ് ഓഫീസറെ സമീപിച്ചപ്പോഴാണ് ലീഗൽ ഹയർ സർട്ടിഫിക്കറ്റും തണ്ടപ്പേരും അനുവദിച്ച് നൽകുന്നതിന് വില്ലേജ് ഓഫീസറും അസിസ്റ്റന്റും കൈക്കൂലി ആവശ്യപ്പെട്ടത്.തുടർന്ന് അബ്ദുൽ ബഷീർ കാസർകോട് വിജിലൻസിനെ സമീപിക്കുകയായിരുന്നു. വിജിലൻസ് നൽകിയ ഫിനോഫ്തലീൻ പൗഡർ പുരട്ടിയ 3,000 രൂപയ്ക്കുള്ള നോട്ടുകൾ നൽകിയപ്പോൾ ഇരുവരെയും കൈയോടെ പിടികൂടുകയായിരുന്നു. കണക്കിൽപ്പെടാത്ത 11,620 രൂപയും പിടികൂടി.

error: Content is protected !!