തീരുമാനത്തില്‍ മാറ്റമില്ലെന്ന് കുഞ്ഞികൃഷ്ണന്‍; ഫണ്ട് വിവാദത്തില്‍ സിപിഎം അനുനയനീക്കം പാളി

Web Desk

പയ്യന്നൂര്‍ ഫണ്ട് തിരിമറി വിഷയത്തില്‍ സിപിഎമ്മിന്റെ അനുനയ നീക്കം പാളി. പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് മുന്‍ ഏരിയാ സെക്രട്ടറി വി. കുഞ്ഞികൃഷ്ണന്‍. പയ്യന്നൂരിലെ ഖാദി ഓഫീസിലെത്തി പി.ജയരാജനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പി. ജയരാജനുമായുള്ള കൂടിക്കാഴ്ചയില്‍ വിഷയം ചര്‍ച്ചയായില്ലെന്നും അദ്ദേഹം പറഞ്ഞു. പരാതി നല്‍കിയ കുഞ്ഞികൃഷ്ണനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള തീരുമാനം.

പരാതി ഉന്നയിച്ച തനിക്കെതിരെ നടപടിയെടുത്തുവെന്ന ആരോപണമാണ് കുഞ്ഞികൃഷ്ണന്‍ മുന്നോട്ടുവെച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്തത്. ഈ സാഹചര്യത്തില്‍ വെള്ളൂര്‍, കരിവള്ളൂര്‍, ബേഡകം എന്നീ മേഖലകളിലെ സിപിഎം പ്രവര്‍ത്തകരെ അത് ബാധിച്ചിട്ടുണ്ടെന്ന തിരിച്ചറിവും പാര്‍ട്ടിക്കുണ്ട്.ഈ പശ്ചാത്തലത്തിലാണ് പി. ജയരാജനെ ചര്‍ച്ചയ്ക്കായി നിയോഗിച്ചത്. ഫണ്ട് ക്രമക്കേട് വിവാദത്തില്‍ നേതൃത്വം സ്വീകരിച്ച നടപടിക്കെതിരേ പ്രാദേശിക കമ്മിറ്റികള്‍ക്കൊപ്പം സാമൂഹികമാധ്യമങ്ങളിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. ഏരിയാ സെക്രട്ടറിയായിരുന്ന വി. കുഞ്ഞികൃഷ്ണനെതിരേ പാര്‍ട്ടി സ്വീകരിച്ച നടപടിയാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയത്.

error: Content is protected !!