നടിയെ ആക്രമിച്ച കേസ്; ആരോപണങ്ങള്‍ നിഷേധിച്ച് അഡ്വ.ബി രാമന്‍പിള്ള

Web Desk

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. ബി രാമന്‍പിള്ള. അഡ്വക്കേറ്റ്‌സ് ആക്ടിലെ വകുപ്പ് 35ന് വിരുദ്ധമായി താന്‍ ഒന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്ന് രാമന്‍പിള്ള പറഞ്ഞു. അതിജീവിതയുടെ പരാതിയില്‍ ബാര്‍ കൗണ്‍സിലിന് മറുപടി നല്‍കുകയായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍. രാമന്‍പിള്ളയുടെ മറുപടി ബാര്‍ കൗണ്‍സില്‍ അതിജീവിതയ്ക്ക് അയച്ചു. സംഭവത്തില്‍ കൂടുതലായി വിശദീകരിക്കാനുണ്ടെങ്കില്‍ തെളിവ് സഹിതം നല്‍കണമെന്നും ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന ആവശ്യം കോടതി ചൊവ്വാഴ്ച്ച പരിഗണിച്ചേക്കും. ഈ മാസം 31നകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോർട്ട് നല്‍കാനായിരുന്നു കോടതി നല്‍കിയിരുന്ന നിര്‍ദേശം. ഇതില്‍ സാവകാശം തേടിയും സര്‍ക്കാര്‍ ഹര്‍ജി നല്‍കിയിരുന്നു.

പുതിയ നിര്‍ണായക തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസമാണ് സാവകാശം തേടുന്നത്. വിചാരണക്കോടതിയ്ക്ക് എതിരെ ഗുരുതരമായ ആക്ഷേപം ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലുണ്ട്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് ചോര്‍ന്നുവെന്ന കണ്ടെത്തലില്‍ അന്വേഷണം വേണ്ടെന്ന് വച്ചത് കേട്ടുകേള്‍വി ഇല്ലാത്തതെന്നാന്ന് അന്വേഷണ സംഘത്തിന്റെ നിലപാട്.

error: Content is protected !!