
Web Desk
12-14 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിനേഷൻ നൽകുന്നതിനുള്ള രജിസ്ട്രേഷൻ മാർച്ച് 16 ബുധനാഴ്ച ആരംഭിക്കും. കോവിൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ആണ് ഇക്കാര്യം അറിയിച്ചത്. 15 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ രജിസ്‌ട്രേഷൻ ജനുവരി 1 ന് ആരംഭിച്ചിരുന്നു. ഇവർക്ക് ജനുവരി 3 മുതൽ വാക്സിൻ നൽകി വരികയാണ്. 7.4 കോടി കുട്ടികളാണ് 15-18 വയസ് വരെ പ്രായമുള്ളവരുടെ വിഭാഗത്തിലുള്ളത്. ഇതില്‍ 3.45 കോടി പേര്‍ കോവാക്സിന്റെ ആദ്യ ഡോസ് ഇതിനോടകം തന്നെ സ്വീകരിച്ചു കഴിഞ്ഞു.മുതിർന്ന പൗരന്മാർക്ക് മുൻകരുതൽ ഡോസുകൾ എടുക്കാൻ കഴിയുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. ’60 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും ഇപ്പോൾ മുൻകരുതൽ ഡോസുകൾ ലഭിക്കും. കുട്ടികളുള്ള കുടുംബങ്ങളോടും 60 വയസ്സിനു മുകളിലുള്ള ആളുകളോടും വാക്സിനേഷൻ എടുക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു;, അദ്ദേഹം ട്വീറ്റ് ചെയ്തു. വളരെ വേഗത്തിലാണ് കുട്ടികളുടെ വാക്സിനേഷന്‍ നടപടികള്‍ പുരോഗമിക്കുന്നത്. ഏകദേശം 7.5 കോടി പേരാണ് 12-14 വയസ് വരെ പ്രായമുള്ള വിഭാഗത്തിലുള്ളത്.