സുനിക്കെതിരെ ദിലീപിന്റെ സഹോദരൻ പറയുന്നത് കേട്ടു’; മുൻ ജീവനക്കാരന്റെ മൊഴി

Web Desk

അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധ ഗൂഢാലോചനക്കേസിലെ പ്രതികൾക്കെതിരെ നടൻ ദിലീപിന്റെ മുൻ ജീവനക്കാരൻ ദാസൻ എന്നയാൾ മൊഴി നൽകിയെന്ന് ക്രൈംബ്രാഞ്ച്. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്. നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പൾസർ സുനി പുറത്തിറങ്ങിയാൽ കാണിച്ചു കൊടുക്കാമെന്ന് ദിലീപിന്റെ സഹോദരൻ അനൂപ് ഫോണിൽ പറയുന്നതു കേട്ടു എന്നാണ് മൊഴി. ഇക്കാര്യം സംവിധായകൻ ബാലചന്ദ്രകുമാർ ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞിരുന്നതായും മൊഴിയിലുണ്ട്.
ബാലചന്ദ്രകുമാർ ദിലീപിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയതിനു പിന്നാലെ അനൂപും സുരാജും തന്നെ ബന്ധപ്പെട്ടിരുന്നു. ബാലചന്ദ്രകുമാറിനോട് ഒന്നും പറഞ്ഞിട്ടില്ല എന്നു മൊഴി നൽകണമെന്നു ദിലീപിന്റെ അഭിഭാഷകർ തന്നോട് ആവശ്യപ്പെട്ടു എന്നും ക്രൈംബ്രാ‍ഞ്ചിനോടു വെളിപ്പെടുത്തി.
2007 മുതൽ 2020 വരെ നടൻ ദിലീപിന്റെ വീട്ടിൽ വാച്ച്മാനായി ജോലി ചെയ്തിരുന്ന ആളാണ് ദാസൻ. ഇപ്പോൾ ചേർത്തല പട്ടണക്കാടാണ് താമസം. ആരോഗ്യ പ്രശ്നങ്ങൾ കാരണം താൻ ദിലീപിന്റെ വീട്ടിലെ ജോലി ഉപേക്ഷിക്കുകയായിരുന്നെന്നും ഇയാൾ മൊഴിയിൽ പറയുന്നു.

error: Content is protected !!