കർമം ചെയ്യാൻ വിളിച്ചു വരുത്തി; ദമ്പതികൾ കൊല്ലപ്പെട്ട കേസിൽ മകൻ പിടിയിൽ

Web Desk

പുതുപ്പരിയാരം ഓട്ടൂർക്കാട് ദമ്പതികൾ കൊല്ലപ്പെട്ട കേസിൽ രണ്ടാമത്തെ മകൻ സനൽ (29) പൊലീസ് പിടിയിൽ. കൊലപാതകം നടന്ന സമയത്ത് വീട്ടിൽ ഉണ്ടായിരുന്നതായി കരുതപ്പെടുന്ന സനലിനെ ഇന്നലെ മുതൽ കാണാതായിരുന്നു. ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. രാത്രി വൈകി സഹോദരൻ സുനിലിനെ സനൽ ഫോൺ ചെയ്തു. വീട്ടിൽ മോഷണശ്രമം ഉണ്ടായതായും അമ്മയും അച്ഛനും കൊല്ലപ്പെട്ടതായും സുനിൽ ചേട്ടനോട് പറഞ്ഞു. കർമം ചെയ്യാൻ വീട്ടിലേക്ക് വരാനും സനലിനോട് ആവശ്യപ്പെട്ടു. ഇന്ന് രാവിലെ വീട്ടിലെത്തിയ സനലിനെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപിക്കുകയായിരുന്നു. കൂടുതൽ അന്വേഷണത്തിനായി സനലിനെ ആലത്തൂർ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇന്നലെ രാവിലെയോടെയാണ് യൂരം വീട്ടിൽ ചന്ദ്രൻ (64), ഭാര്യ ദൈവാന (ദേവി – 52)യേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചന്ദ്രന്റെ മൃതദേഹം കിടപ്പുമുറിയിൽ കട്ടിലിലും ദൈവാനയുടെയുടേതു ഹാളിലുമാണു കണ്ടെത്തിയത്. വീട്ടി‍ൽ ആരും ഫോൺ എടുക്കുന്നില്ലെന്നു മകൾ അറിയിച്ചതോടെ അയൽക്കാർ എത്തിയപ്പോൾ ഇരുവരും മരിച്ചു കിടക്കുന്നതാണു കണ്ടത്.

റെയിൽവേ മെയിൽ സർവീസിൽ (ആർഎംഎസ്) നിന്നു വിരമിച്ച ചന്ദ്രനും കുടുംബവും വർഷങ്ങളായി ഇവിടെയാണു താമസം. മൂത്ത മകൾ സൗമിനി ഭർത്താവിനൊപ്പം കൊച്ചിയിലാണ്. ഇളയ മകൻ സുനിലും ഇവരോടൊപ്പമാണ്. സനൽ മുംബൈയിലെ ഒരു ജ്വല്ലറിയിൽ ജോലി ചെയ്തു വരികയായിരുന്നു. കോവിഡ് കാലത്തു ജോലി നഷ്ടമായതോടെ 6 മാസം മുൻപു നാട്ടിലേക്കു മടങ്ങി. ഇതിനു ശേഷം ഇയാൾ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു എന്നാണു പൊലീസിനു ലഭിച്ച വിവരം. കഴുത്തിലും തലയിലും ഉൾപ്പെടെ ആഴത്തിൽ വെട്ടുകൊണ്ടതാണു മരണകാരണമെന്നാണു പ്രാഥമിക നിഗമനമെന്നു ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് അറിയിച്ചു. വീട്ടിൽനിന്നു കത്തികളും സിറിഞ്ചിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.

error: Content is protected !!