
Local News
കുറ്റ്യാടി ഗോൾഡ് പാലസ് നിക്ഷേപത്തട്ടിപ്പ് ഇരകൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി. വസീഫ് ഉദ്ഘാടനം ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ സമഗ്ര അന്വേഷണം നടത്തി യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. ഇരകൾക്ക് നീതി ലഭിക്കണം. കാസർകോട് മുൻ എം.എൽ.എ എം.സി കമറുദ്ദീൻ നടത്തിയ സാമ്പത്തിക തട്ടിപ്പിന് സമാനമായ തട്ടിപ്പാണ് കുറ്റ്യാടി ഗോൾഡ് പാലസുമായി നടന്നിട്ടുള്ളത്. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് നിലവിൽ യൂത്ത് ലീഗ് നേതൃത്വമാണ് അറസ്റ്റിലായിട്ടുള്ളത്. എന്നാൽ വരുംദിവസങ്ങളിൽ മുസ്ലീം ലീഗ് നേതൃത്വം തന്നെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകും. മുസ്ലിംലീഗ് നേതാക്കൾ തട്ടിപ്പു നടത്തുന്നവരുടെ നേതൃത്വമായി മാറുന്ന സ്ഥിതിയാണ് നിലവിലുള്ളത്. അതുകൊണ്ടാണ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരു പ്രതികരണവും മുസ്ലിംലീഗ് നടത്താത്തത് . ഇരകൾക്ക് നീതി ലഭിക്കാൻ ഏതറ്റം വരെ പോകാനും ഡിവൈഎഫ്ഐ തയ്യാറാകും. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി.സി ഷൈജു, സിപിഐ(എം) കുറ്റ്യാടി ലോക്കൽ സെക്രട്ടറി എ.എം റഷീദ്, ബ്ലോക്ക് സെക്രട്ടറി എ.റഷീദ്, കെ. രജിൽ എന്നിവർ സംസാരിച്ചു.