
Local News
പ്രായം 57 ആയി സ്നേഹപ്രഭക്ക്. പക്ഷെ, ചെറുപ്പക്കാരുടെ ചുറുചുറുക്കോടെ ഇപ്പോഴും കർമ്മനിരതയാണ് ഇവർ. തൻ്റെ 57-ാം വയസിലും വിശ്രമമില്ലാതെ നാട്ടിലെ ചെറിയ കുട്ടികൾ മുതൽ മുതിർന്ന സ്ത്രീകൾ വരെയുള്ളവർക്ക് സൗജന്യമായി നീന്തൽ പരിശീലിപ്പിക്കുകയാണ് ഇപ്പോഴും . ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വെള്ളന്നൂർ പുൽപ്പറമ്പിൽ സ്നേഹപ്രഭ നീന്തൽ പഠിപ്പിച്ചവരിൽ രണ്ട് വയസുള്ള കുട്ടി മുതൽ മുതിർന്ന സ്ത്രീകൾ വരെയുണ്ട്. വെള്ളന്നൂരിലെ വയലിനോട് ചേർന്ന പൊതു കുളത്തിലാണ് നീന്തൽ പരിശീലനം. ദിവസവും നിരവധിപേരാണ് നീന്തൽ പഠനത്തിനായി ഇവരെ തേടി എത്തുന്നത്. ഈ വർഷം മാത്രം 45ഓളം പേരെയാണ് നീന്തൽ അഭ്യസിപ്പിക്കുന്നത്.
ഫയർഫോഴ്സിന് കീഴിലുള്ള സിവിൽ ഡിഫൻസ് വളണ്ടിയർ കൂടിയായ ഇവർ വർഷങ്ങളായി ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. 10 വർഷങ്ങൾക്ക് മുൻപ് മഴക്കാലത്ത് നാട്ടിലെ കല്ലുവെട്ടുകുഴിയിൽ വെള്ളം നിറയുമ്പോൾ പരിചയക്കാരായ കുട്ടികൾക്ക് നീന്തൽ പഠിപ്പിച്ചാണ് തുടക്കം. പിന്നീട് എല്ലാ മഴക്കാലത്തും കുട്ടികൾ പഠിക്കാനെത്തും. അന്ന് ശരീരത്തിൽ പ്ലാസ്റ്റിക് കുപ്പികളോ കന്നാസോ കെട്ടിയായിരുന്നു പഠിപ്പിച്ചിരുന്നത്. ഇപ്പാൾ ലൈഫ് ജാക്കറ്റും മറ്റു സുരക്ഷാ മാർഗ്ഗങ്ങളും ഉപയോഗിക്കുന്നു. നീന്തൽ പഠിക്കാൻ എത്തുന്നവർ എന്തെങ്കിലും തരികയാണെങ്കിൽ തൻ്റെ നേതൃത്വത്തിലുള്ള ചാരിറ്റി സംഘടനയിലേക്ക് സംഭാവനയായി സ്വീകരിക്കും. ‘നീന്തൽ പഠിപ്പിച്ച വകയിൽ സംഭാവനയായി തന്നത് ‘ എന്ന് പ്രത്യേകം രേഖപ്പെടുത്തി രസീതും കൊടുക്കും.
വൈകുന്നേരം 3 മണി മുതൽ ഏഴുവരെയാണ് നീന്തൽ അഭ്യസിപ്പിക്കുന്നത് . ബാക്കി സമയം തയ്യൽ ജോലി ചെയ്യാനും സമയം കണ്ടെത്തും. ഇതിലെ വരുമാനവും ചാരിറ്റിക്കാണ്. ഭർത്താവ് വസന്തകുമാറിൻ്റെ പെൻഷനുള്ളതുകൊണ്ട് മറ്റ് വരുമാനമൊന്നും ആവശ്യമില്ലെന്ന് ഇവർ പറയുന്നു.മക്കളെ രണ്ട് പേരെയും വിവാഹം കഴിപ്പിച്ചയച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ് സ്നേഹപ്രഭ