
Web Desk
Story: C Fasal Babu
ചേറിൽ ജന്മംകൊണ്ട് മാനത്ത് കത്തിജ്വലിക്കുന്ന സൂര്യനെ നോക്കി വിടർന്നു പരിലസിക്കുന്ന ഈ താമര പുഷ്പങ്ങൾ നയനാനന്ദകരമായ കാഴ്ച തന്നെയാണ്. എന്നാൽ ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ പൂളക്കോട് ധാർമ്മികം വീട്ടിലെത്തുന്നവർക്ക് ഈ താമരപ്പൂക്കൾ കണ്ണിനു കുളിർമയേകുന്ന കാഴ്ച മാത്രമല്ല സമ്മാനിക്കുന്നത് ഒപ്പം താമരകളുടെ എണ്ണത്തിലുള്ള വൈവിധ്യം നൽകുന്ന അത്ഭുതം കൂടിയാണ്. ഇന്ത്യയുടെ ദേശീയ പുഷ്പമായ താമരയുടെ നാൽപതോളം ഇനങ്ങളാണ് ഇവർ നട്ടുപിടിപ്പിച്ചിരിക്കുന്നത്. ഭൂമിയിലെ സുന്ദര പുഷ്പങ്ങളിൽ ഒന്നായ താമര നമ്മുടെ നാട്ടിൽ അത്ര എളുപ്പം കാണാവുന്ന ഒന്നല്ല. പലരും വാണിജ്യാവശ്യത്തിന് മാത്രമാണ് താമര കൃഷി നടത്താറുള്ളത്. പക്ഷേ ഇവർ കൗതുകം കൊണ്ട് മാത്രമാണ് സുന്ദരിമാരുടെ നയനങ്ങളോട് ഉപമിക്കാൻ കവികൾ പോലും ഏറെ ആശ്രയിക്കാറുള്ള താമരയുടെ ഇത്രയേറെ വൈവിധ്യങ്ങൾ നട്ടുവളർത്തുന്നത്.സാധാരണ തടാകങ്ങളിലും കുളങ്ങളിലുമൊക്കെ കാണാറുള്ള താമര ചെറിയ പ്ലാസ്റ്റിക് ട്രേകളിലും കുപ്പികളിലുമൊക്കെയാണ് ഇവർ വളർത്തുന്നത് എന്നതും ഇതിൻ്റെ പ്രത്യേകതയാണ്. ബൂച്ച, റെഡ് പിയോണി, വൈറ്റ് പിയോണി തുടങ്ങിയ ഹൈബ്രിഡ് ഇനം താമരകളാണ് പ്രവിതയുടെ ശേഖരത്തിലുള്ളത്.

പൂക്കളോടും ചെടികളോടുമൊക്കെ ഏറെ ഇഷ്ടമുള്ള പ്രവിത 4 വർഷം മുൻപാണ് താമര കൃഷി തുടങ്ങിയത്. തൻ്റെ താമര തോട്ടത്തിൽ സഹസ്രദളം വിരിഞ്ഞതിൻ്റെ സന്തോഷത്തിലാണിവരിപ്പോൾ. അപൂർവമായി മാത്രം വിരിയുന്ന ഈ സഹസ്രദളത്തിന് പുരാണങ്ങളുമായും ബന്ധമുണ്ട്. ഉത്തരാഖണ്ഡിൽ നിന്നാണ് ഇതിൻ്റെ വിത്ത് വാങ്ങിയതെന്ന് പ്രവിത പറയുന്നു. 40 വ്യത്യസ്ത ഇനം താമരകൾ വളർത്തുന്നതറിഞ്ഞ് ഇത് വാങ്ങാനായും നിരവധി പേർ എത്തുന്നുണ്ട്. സോഷ്യൽ മീഡിയ വഴിയെല്ലാം അറിഞ്ഞാണ് ആളുകൾ എത്തുന്നത്. ബുച്ച, വൈറ്റ് പിയോണി തുടങ്ങിയ ഹൈബ്രിഡ് ഇനങ്ങൾക്ക് 4500 രൂപ വരെ വിലയുണ്ട്.

താമരക്ക് പുറമെ പത്തോളം ഇനം ആമ്പൽ ചെടികളും പ്രവിതയുടെ ഉദ്യാനത്തെ നയന മനോഹരമാക്കുന്നുണ്ട്. അതോടൊപ്പം മറ്റു നിരവധി ചെടികളും ഈ വീട്ടുമുറ്റവും പറമ്പുമെല്ലാം നട്ടു വളർത്തി പരിപാലിക്കുന്നുണ്ട് പ്രവിത.