
Local News
തിരുവമ്പാടി ചാലിൽ തൊടികയിൽ അയൽവാസികൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ രജീഷിന് വേണ്ടി അന്വേഷണം ഊർജിതമാക്കിയതായി തിരുവമ്പാടി സി ഐ സുമിത്ത് പറഞ്ഞു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു ചാലിൽ തൊടികയിൽ മോഹൻദാസിനെ അയൽവാസിയായ രജീഷ് തലക്കടിച്ച് കൊലപ്പെടുത്തിയത്. കൊലയ്ക്കുശേഷം പ്രതിയായ രജീഷ് ഒളിവിൽ പോവുകയായിരുന്നു. ടൈൽ കൊണ്ട് തലക്കടിച്ചു പരിക്കേൽപ്പിച്ചതാണ് എന്ന സൂചനയുണ്ടെങ്കിലും പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ടൈലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനായിട്ടില്ല. അതുകൊണ്ടുതന്നെ ഏതു വസ്തു ഉപയോഗിച്ചാണ് മർദ്ദനം ഉണ്ടായത് എന്നതിൽ അവ്യക്തതയുണ്ട്.
ഇരുവരുടെയും വീടിന്റെ നടുവിലായി കിടക്കുന്ന സ്ഥലത്തെ ചൊല്ലി മുൻപും പലതവണ തർക്കങ്ങൾ ഉണ്ടായിരുന്നു. ഇതേ തർക്കത്തിനിടയിൽ ഉള്ള സംഘർഷത്തിൽ ആയിരിക്കും മോഹൻദാസ് കൊല്ലപ്പെട്ടത് എന്നാണ് സൂചന. പ്രതിക്കുവേണ്ടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട് എന്നും ഫോറൻസിക്, ഡോഗ് സ്ക്വാഡ് ഉൾപ്പെടെ ഇന്ന് സ്ഥലത്ത് പരിശോധന നടത്തുമെന്നും സി ഐ പറഞ്ഞു.