സുഷ്മിത ദേവ് തൃണമൂൽ കോൺഗ്രസ്സിൽ ചേർന്നു

Web Desk

അഖിലേന്ത്യ മഹിളാകോൺ​ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് കോൺ​ഗ്രസിൽ നിന്ന് രാജിവച്ച് തൃണമൂൽ കോൺഗ്രസ്സിൽ ചേർന്നു. അഭിഷേക് ബാനർജി, ഡെറിക് ഒബ്രെയിൻ എന്നിവരുടെ സാന്നിധ്യത്തിലാണ് സുഷ്മിത തൃണമൂൽ കോൺഗ്രസ്സിൽ അംഗത്വം എടുത്തത്. ഇന്ന് രാവിലെ ഗുവാഹത്തിയിൽ നിന്ന് കൊൽക്കത്തയിൽ എത്തിയ സുഷ്മിത തൃണമൂൽ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷം അഭിഷേക് ബാനർജിയുമായി ചർച്ച നടത്തി. ചർച്ചയ്ക്ക് ശേഷം അഭിഷേക് ബാനർജിയും ഡെറിക് ഒബ്രെയിനും സുഷ്മിതയെ പാർട്ടി അംഗത്വം നൽകി സ്വീകരിക്കുകയായിരുന്നു.

കഴിഞ്ഞ ആറ് മാസമായി നേതൃത്വവുമായി പിണങ്ങി നിൽക്കുകയായിരുന്നു സുഷ്മിത ദേവ്. പാർട്ടി അധ്യക്ഷ സോണിയാ ​ഗാന്ധിക്കാണ് സുഷ്മിത രാജിക്കത്ത് നൽകിയത്.നിയമസഭാ തെരഞ്ഞെടുപ്പിൽ അസമിലെ സീറ്റ് വിഭജനത്തിലെ അസംതൃപ്തിയെത്തുടർന്നാണ് സുഷ്മിത രാജി ഭീഷണി മുഴക്കിയിരുന്നുത്. സുഷ്മിത ദേവിനെ അനുനയിപ്പിക്കാൻ പ്രിയങ്ക ​ഗാന്ധി ഇടപെട്ടതും വാർത്തയായിരുന്നു. അസമിൽ എഐയു ഡി എഫുമായുള്ള കോൺ​ഗ്രസിന്റെ സഹകരണത്തെ സുഷ്മിത നേരത്തെ എതിർത്തിരുന്നു. സീറ്റ് വിഭജനം കൂടിയായതോടെ അതൃപ്തി കടുത്തു. ഇതോടെയാണ് സുഷ്മിത രാജിസന്നദ്ധത അറിയിച്ചത്.

error: Content is protected !!