പെഗസസ് ഒരു രാഷ്ട്രീയ ആയുധമോ ?

CTV Online

പെഗാസസ് ഫോൺ ചോർത്തലാണ് കുറച്ചു നാളുകളായി വാർത്തകളിൽ നിറയുന്നത്. കേന്ദ്ര മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, അഭിഭാഷകർ, മനുഷ്യാവകാശ പ്രവർത്തകർ ഉൾപ്പെടെ മുന്നൂറോളം പേരുടെ ഫോൺ വിവരങ്ങളാണ് പെഗാസസ് ചോർത്തിയിരിക്കുന്നത് എന്നതാണ് റിപ്പോർട്ട് .അറിയാം എന്താണ് പെഗാസസ് എന്നും എങ്ങനെയാണ് ഇവർ ഫോൺ ചോർത്തുന്നതെന്നും

എന്താണ് പെഗാസസ് ?

ഇസ്രായേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ കമ്പനിയായ എന്‍എസ്‌ഒ ഗ്രൂപ്പ് വികസിപ്പിച്ച സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമാണ് പെഗാസസ്. ഒരു തെളിവും അവശേഷിപ്പിക്കാതെ ഫോൺ ഹാക്ക് ചെയ്യുകയും വിവരങ്ങളെല്ലാം ചോർത്തി സ്വയം മരണം കൈവരിക്കുന്ന ചാര സോഫ്റ്റ് വെയർ.
സർക്കാർ ഏജൻസികൾക്കാണ് സാധാരണ ഈ സോഫ്റ്റ് വെയർ നൽകുന്നത്. അതിസുരക്ഷയുണ്ടെന്ന് അവകാശപ്പെടുന്ന ഐഫോണിനെ ലക്ഷ്യമിട്ടാണ് പെ​ഗാസസ് നിർമ്മിച്ചതെങ്കിലും ആൻഡ്രോയിഡ് ഫോണുകളിലടക്കം ഇവ ഉൾപ്പെടുത്താൻ കഴിയും. ഫോൺ ചോർത്തുന്നതിനുള്ള ഏറ്റവും എളുപ്പമായ ആയുധമാണ് പെഗാസസ് എന്നാണ് സൈബർ ഗവേഷകർ പറയുന്നത്.

ചോർത്തൽ എങ്ങനെ?

ഒരു ലിങ്കിലൂടെയോ വോയിസ് കോളിലൂടെയോ മിസ്ഡ് കോളിലൂടെയോ ഒക്കെ പെഗാസസിനെ ഫോണുകളിലേക്ക് കടത്തിവിടും.കോൾ എടുക്കണമെന്നുപോലും നിർബന്ധമില്ല, ഒരൊറ്റ മിസ്ഡ്‌ കോളിലൂടെ കോഡുകൾ സ്മാർട്‌ഫോണിൽ നിക്ഷേപിക്കും. ജെയിൽ ബ്രേക്കിലൂടെ ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ നിയന്ത്രണം തന്നെ ആ ചാര പ്രോ​ഗ്രാം ഏറ്റെടുക്കും. കോൾ ലിസ്റ്റിൽ നിന്നു പോലും പെഗാസസിന്റെ വിവരങ്ങൾ അപ്രത്യക്ഷമാകുന്ന തരത്തിലാണ് പ്രവർത്തനം.

വാട്സാപ് മിസ്ഡ് വിഡിയോ കോൾ, മെസേജിലെ ലിങ്ക് തുടങ്ങിയവ വഴി ഉപയോക്താവ് അറിയാതെ പെഗാസസ് സോഫ്‌റ്റ്വെയർ ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെടാം. ഫോണിന്റെ ഉടമ അറിയുക പോലുമില്ലാതെ ക്യാമറയും മൈക്രോഫോണും എല്ലാം ഓണാക്കാനും അതുവഴി വിവരങ്ങൾ ശേഖരിക്കാനും പെഗാസസിന് സാധിക്കും. പെഗാസസ് ഫോണിൽ ചാരപ്പണി നടത്തുമ്പോൾ, അതിന്റെ ഒരു ലക്ഷണങ്ങളും പ്രകടമാവില്ല.

എന്തൊക്കെ ചോർത്തും?

പെഗാസസ് ഡൗൺലോഡ് ആയിക്കഴിഞ്ഞാൽ, വിദൂരതയിൽ എവിടെയെങ്കിലും ഉള്ള ഹാക്കറുടെ കമാൻഡ് കമ്പ്യൂട്ടറുമായി അത് ഫോണിനെ ബന്ധിപ്പിക്കുകയായി. എന്തൊക്കെ വിവരങ്ങളാണ് ഫോണിൽ നിന്ന് ചോർത്തേണ്ടത് എന്നത് ഹാക്കർ നൽകുന്ന വിവരം അനുസരിച്ച് പെഗാസസ് ചോർത്തിനൽക്കിക്കൊണ്ടിരിക്കും.

ബാങ്ക് രേഖകൾ, പാസ്‌വേഡ്, ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍, സ്വീകരിച്ചതും അയച്ചതുമായ മെസേജുകള്‍, ക്യാമറ, മൈക്രോഫോണ്‍, സഞ്ചാരപഥം, ജിപിഎസ് ലോക്കേഷന്‍ ,കലണ്ടർ ഇവന്റുകൾ, ടെക്സ്റ്റ് മെസേജുകൾ, ലൈവ് വോയ്‌സ് കോളുകൾ തുടങ്ങി മുഴുവന്‍ വിവരവും ചോര്‍ത്താന്‍ ഇതിലൂടെ സാധിക്കും

പെഗാസസ് ഉപയോഗിച്ച് ഇന്ത്യക്കാരായ വാട്‌സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതായി 2019ൽ വാർത്തകൾ പുറത്തു വന്നിരുന്നു. കോളിങ് സംവിധാനത്തിൽ എന്തോ സംഭവിക്കുന്നതായി സൂചന കിട്ടിയ വാട്സ്ആപ്പ് പെഗാസസ് ബാധിച്ചു എന്ന് കരുതുന്ന അക്കൗണ്ടുകൾക്ക് പുതിയ അപ്‌ഡേറ്റ് സ്വീകരിക്കാൻ മുന്നറിയിപ്പ് നൽകി. ഈ സന്ദേശം ലഭിച്ചവർ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് കൂടുതൽ ചർച്ചകളുണ്ടായത്.

കോൺഗ്രസ് നേതാക്കളായ പ്രിയങ്കാ ഗാന്ധി അടക്കമുള്ളവർ തങ്ങളുടെ ഫോണിൽ പെഗാസസ് ബാധിച്ചുവെന്ന അവകാശവാദവുമായി രംഗത്തെത്തി. മന്ത്രിമാരും ജഡ്ജിമാരും അടക്കമുള്ളവരുടെ ഫോണുകൾ ചോർത്തിയതായി വിവരമുണ്ടെന്ന രാജ്യസഭാ എംപി സുബ്രമണ്യൻ സ്വാമിയുടെ വെളിപ്പെടുത്തലോടെയാണ് സംഭവം വീണ്ടും വാർത്തയായത്.

error: Content is protected !!