
Web Desk
കണ്ണൂർ മാക്കൂട്ടം ചുരത്തിൽ കർണാടക ആർടിസി ബസ് അപകടത്തിൽ പെട്ട് നിരവധി യാത്രക്കാർക്ക് പരുക്ക്. ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് പുലർച്ചെ 4 മണിയോടെയായിരുന്നു അപകടം.മുൻഭാഗം തകർന്ന് കുടുങ്ങിക്കിടന്ന ബസ് ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്.പരുക്കേറ്റവരെ വീരാജ് പേട്ട, കണ്ണൂർ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കർണാടകയിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന കർണാടക ആർടിസി അമ്പാരി ബസ് ആണ് അപകടത്തിൽ പെട്ടത്. മഴയും കോടമഞ്ഞും കാരണം ഡ്രൈവർക്ക് കാഴ്ച മറയുകയും നിയന്ത്രണം വിട്ട ബസ് റോഡരികിലെ മരത്തിലിടിക്കുകയുമായിരുന്നു. ബസ് മരത്തിൽ ഇടിച്ചില്ലായിരുന്നെങ്കിൽ താഴേക്ക് മറിഞ്ഞ് വലിയ അപകടം ഉണ്ടാകുമായിരുന്നു. അപകടത്തിൽ ബസിൻ്റെ മുൻഭാഗം പൂർണമായി തകർന്നു. ഇരിട്ടിയിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.