കാല് മടക്കി ചുമ്മാ തൊഴിക്കാനും,എന്റെ കുഞ്ഞുങ്ങളെ പെറ്റുപോറ്റാനും എനിക്കൊരു പെണ്ണിനെ വേണം; #പൊളിച്ചെഴുത്ത്

Entertainment Desk

സിനിമയിലെ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ പൊളിച്ചെഴുതി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ്. ജനപ്രിയ സിനിമകളിലെ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ മാറ്റിക്കുറിക്കുന്നതിനുള്ള പുതിയ ക്യാംപെയ്‌നുമായിട്ടാണ് വനിതാ ശിശു വികസന വകുപ്പ് എത്തിയിട്ടുള്ളത്.

പൊളിച്ചെഴുത്ത് എന്ന ഹാഷ്ടാഗിലാണ് ക്യാംപെയ്ന്‍ നടക്കുന്നത്. സിനിമകളിലെ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കില്‍ അവ മാറ്റിയെഴുതി വകുപ്പിന്റെ പൊളിച്ചെഴുത്ത് ക്യാംപെയ്ന്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്യാം.ഇതില്‍ തെരഞ്ഞെടുക്കപ്പെടുന്നവ വനിതാ ശിശു വികസന വകുപ്പിന്റെ പേജില്‍ പോസ്റ്റ് ചെയ്യുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

ക്യാംപെയ്‌നിന്റെ ഭാഗമായി ആദ്യം പുറത്തുവിട്ട പോസ്റ്ററില്‍ നരസിംഹം എന്ന സിനിമയിലെ സ്ത്രീവിരുദ്ധ ഡയലോഗിന് കുറിക്കുക്കൊള്ളുന്ന മറുപടി നല്‍കിയിരിക്കുകയാണ്.ചിത്രത്തില്‍ മോഹന്‍ലാല്‍ കഥാപാത്രം, ഐശ്വര്യ ചെയ്ത അനുരാധ എന്ന കഥാപാത്രത്തിനോട് പറയുന്ന ഡയലോഗിനാണ് മറുപടി വന്നിരിക്കുന്നത്. ‘കാല് മടക്കി ചുമ്മാ തൊഴിക്കാനും, എന്റെ കുഞ്ഞുങ്ങളെ പെറ്റുപോറ്റാനും, എരിഞ്ഞു തീരുമ്പോള്‍ നെഞ്ച് തല്ലി കരയാനും എനിക്കൊരു പെണ്ണിനെ വേണം. പറ്റുമെങ്കില്‍ കയറിക്കോ,’ – എന്നാണ് മോഹന്‍ലാല്‍ ചെയ്ത് ഇന്ദുചൂഡന്റെ ഡയലോഗ്. ഇതിന് മറുപടിയായി ‘ഹാ… ബെസ്റ്റ്.. അടിമയാവാന്‍ വേറെ ആളെ നോക്കണം. ഇന്ദുചൂഡന്‍ വണ്ടി വിട്ടോ’ എന്നാണ് പൊളിച്ചെഴുത്ത് ക്യാംപെയ്‌നില്‍ പറയുന്നത്.

സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധ കാഴ്ചപ്പാടുകള്‍ക്കെതിരെ വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ച ‘ഇനി വേണ്ട വിട്ടുവീഴ്ച’ എന്ന ക്യാംപെയ്‌നിന്റെ ഭാഗമായാണ് പൊളിച്ചെഴുത്തും എത്തിയിരിക്കുന്നത്.

error: Content is protected !!