
കൊവിഡ് പശ്ചാത്തലത്തില്‍ ചടങ്ങു മാത്രമായി ചുരുക്കി തൃശ്ശൂര്‍ പൂരം നടത്തുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവേ ആചാരങ്ങള്‍ പാലിച്ചു തന്നെ പൂരം നടത്തണമെന്ന് ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തൃശ്ശൂര്‍ പൂരം നടത്താനാകുമെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്.
തൃശ്ശൂര്‍ പൂരം നടത്തിപ്പില്‍ നിലപാട് മയപ്പെടുത്തിയാണ് വിവിധ ദേവസ്വങ്ങള്‍ രംഗത്തെത്തിയത്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് പൂരം ചടങ്ങുമാത്രമായി നടത്തുന്നതും കാണികളെ ഒഴിവാക്കുന്നതും ആലോചിക്കാമെന്ന നിലപാടിലെത്തിച്ചേര്‍ന്നിരിക്കുകയാണ് ദേവസ്വങ്ങള്‍. ഇന്ന് വൈകീട്ട് പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുളള യോഗത്തിന് മുന്നോടിയായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ വെവ്വേറെ യോഗം ചേര്‍ന്നിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പൊതുജനങ്ങളെ ഉള്‍ക്കൊളളിച്ച് പൂരം നടത്താനാകില്ലെന്നാണ് പൊതു അഭിപ്രായം. ഇങ്ങനെയൊരു പശ്ചത്താലത്തില്‍ കൂടിയാണ് ആചാരങ്ങള്‍ പാലിച്ച് പൂരം നടത്തണമെന്ന ആവശ്യവുമായി ചെന്നിത്തല എത്തിയത്.
ആരോഗ്യ പ്രവര്‍ത്തകരുടെ ഇന്‍ഷൂറന്‍സ് കാലാവധി നീട്ടണമെന്നും യു.ഡി.എഫ് പ്രവര്‍ത്തകര്‍ കൊവിഡ് രോഗികള്‍ക്ക് സഹായം നല്‍കാന്‍ രംഗത്തിറക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കാസര്‍ഗോഡ് കളക്ടറുടെ പുതിയ നിര്‍ദ്ദേശത്തോട് പ്രതികരിച്ച പ്രതിപക്ഷ നേതാവ് കളക്ടര്‍മാര്‍ ഇഷ്ടാനുസരണം ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് നിര്‍ത്തണമെന്നും ചെന്നിത്തല പറഞ്ഞു.