അദാനി കരാറില്‍ ചെന്നിത്തലയ്ക്ക് മറുപടിയുമായി പിണറായി

Web Desk

ലോഡ്ഡ്ഷെഡ്ഡിങ് ഒരിക്കല്‍ പോലുമുണ്ടാവാത്ത അഞ്ച് വര്‍ഷത്തെ ഓര്‍ത്ത് അസൂയയാണ് പ്രതിപക്ഷ നേതാവിനെന്നും അതിന് വൈദ്യുതി ബോര്‍ഡിന്റെ ഇടപെടലുകളെ താറടിച്ച് കാണിക്കുകയാണ് ചെന്നിത്തലയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് കെ.എസ്.ഇ.ബിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

അദാനിക്ക് വൈദ്യുതിവിതരണ കരാറാണോ നേരത്തെ കരുതിവച്ച ബോംബെന്ന് ചെന്നിത്തലയോട് മുഖ്യമന്ത്രി ചോദിച്ചു. അങ്ങനെയെങ്കില്‍ അത് ചീറ്റിപ്പോയെന്നും എല്ലാ കരാറുകളും കെ.എസ്.ഇ.ബി വെബ്സൈറ്റിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോഡ്ഡ്ഷെഡ്ഡിങ്ങിൽ ഒരിക്കല്പോലുമുണ്ടാവാത്ത അഞ്ചു വർഷത്തെ ഓർത്ത് അസൂയയാണ് പ്രതിപക്ഷ നേതാവിനെന്നും അതിനു വൈദുതി ബോര്ഡിന്റെ ഇടപെടലുകളെ താറടിച്ച കാണിക്കുകയാണോ വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു.

അദാനിയില്‍നിന്ന് വൈദ്യുതി വാങ്ങാന്‍ 8850 കോടി രൂപയുടെ 25 വര്‍ഷത്തേക്കുളള കരാറില്‍ കെ.എസ്.ഇ.ബി. ഏര്‍പ്പെട്ടുവെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. ഇതുവഴി അദാനിക്ക് ആയിരം കോടി രൂപയുടെ ലാഭമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല ആരോപിച്ചിരുന്നു. ഈ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പ്രളയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കി. ‘പ്രളയവുമായി ബന്ധപ്പെട്ട് ജലകമ്മീഷന്റെയും മദ്രാസ് ഐ.ഐ.ടിയുടെയും പഠന റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ രണ്ട് റിപ്പോര്‍ട്ടുകളും വെള്ളപ്പൊക്കത്തിന് കാരണമായത് അതി തീവ്ര മഴയാണെന്നും ഫലപ്രദമായ ഡാം മാനേജ്മെന്റ മൂലം പ്രളയത്തില്‍ ആഘാതത്തില്‍ കുറവ് വന്നെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഐ.ഐ.ടി റിപ്പോര്‍ട്ട് അന്താരാഷ്ട്ര ശാസ്ത്ര ജേണലായ കറന്റ് സയന്‍സില്‍ പ്രസിദ്ധപ്പെടുത്തിയതുമാണ്. ആധികാരികമായ പഠനം നടന്നു കഴിഞ്ഞ വിഷയമാണ്’. ആ പഠനത്തെ കുറിച്ചൊന്നും പരാമര്‍ശിക്കുകയോ പഠിക്കുകയോ ചെയ്യാതെ ഇപ്പോഴത്തെ പഠനം വരുന്നത് തീര്‍ത്തും സംശയകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


ത്രിപുരയില്‍ നടത്തിയ തെരഞ്ഞെടുപ്പ് അട്ടിമറി കേരളത്തില്‍ ആവര്‍ത്തിക്കുമെന്നാണ് ബി.ജെ.പി നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് വളരെ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ഒരു സീറ്റില്‍ പോലും വിജയസാധ്യത ഉറപ്പിക്കാന്‍ പറ്റാത്ത പാര്‍ട്ടിയാണ് ബി.ജെ.പി. എന്നിട്ടുപോലും ബി.ജെ.പിയുടെ ഉന്നത നേതാക്കള്‍ കേരളത്തില്‍ തമ്പടിച്ച് ഇത്തരം ഭീഷണികള്‍ മുഴക്കുന്നത് എന്ത് ഉദ്ദേശത്തിലാണ് എന്നത് കൗതുകകരമാണ്. അട്ടിമറി നടത്തിക്കളയാം എന്നു കരുതിയാണ് ഈ പുറപ്പാടെങ്കില്‍ സംഘപരിവാര്‍ സ്വപ്നം കാണാത്ത തിരിച്ചടി കേരളം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര്‍.എസ്.എസിന്റെ വര്‍ഗീയ നീക്കങ്ങള്‍ക്ക് വളര്‍ന്നുപൊങ്ങാന്‍ പറ്റിയ ഇടമല്ല കേരളം. ഒരു വര്‍ഗീയതയേയും ജനങ്ങള്‍ പിന്തുണയ്ക്കില്ല എന്ന് തെരഞ്ഞെടുപ്പ് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുക തന്നെ ചെയ്യും. ത്രിപുരയില്‍ കോണ്‍ഗ്രസിനെ അപ്പാടെ വിഴുങ്ങിയാണ് ബി.ജെ.പി തടിച്ചു ചീര്‍ത്തത്. ഇവിടെ കോണ്‍ഗ്രസും ലീഗും ചേര്‍ന്നുകൊണ്ട് അത്തരം നീക്കങ്ങള്‍ നടത്തിയപ്പോള്‍ ജനങ്ങള്‍ അത് ചെറുത്ത് തോല്‍പ്പിക്കുകയും എല്‍.ഡി.എഫിനോടൊപ്പം അണിനിരക്കുകയും ചെയ്തത് ചരിത്രമാണ്. കോലീബി എന്ന പരസ്യ സഖ്യത്തെ നിലംതൊടീക്കാതെ നാടുകടത്തിയ കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് പുത്തന്‍ അവസരവാദ സഖ്യത്തിന്റെ എല്ലാ വ്യാമോഹങ്ങളും അറബിക്കടലിലേക്ക് വലിച്ചെറിയുമെന്നും പിണറായി പറഞ്ഞു.

error: Content is protected !!