
Web Desk
വിധവകളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി സമഗ്രമായ പദ്ധതികള്‍ നടപ്പാക്കുന്നതിനായുള്ള വിധവാ സെല്‍ ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വിധവകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കാര്യക്ഷമമായി പരിഹരിക്കുന്നതിനായാണ് ജില്ലാതല വിധവാ സെല്‍ രൂപീകരിച്ചത്. വിധവകളുടെ രജിസ്ട്രേഷന്, നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കല്‍, വിധവാ അഭയ കേന്ദ്രങ്ങളുടെ മേല്‍നോട്ടം, ആരോഗ്യ പരിരക്ഷ, നിയമ സഹായം, കൗണ്‍സലിംഗ്, സ്വയം തൊഴില്‍ പരിശീലനം, സംരക്ഷണം, വിധവകളുടെ കുട്ടികളുടെയും സ്വത്തിന്റെയും സംരക്ഷണം എന്നിവയാണ് ജില്ലാതല വിധവാ സെല്ലിന്റെ പ്രധാന ചുമതലകള്‍.
ജില്ലാതല വിധവാ ഹെല്പ് ഡസ്ക്കായി കോഴിക്കോട് സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ പ്രവര്‍ത്തിക്കും. സേവനങ്ങള്‍ക്കായി വെള്ളിമാടുകുന്ന് സാമൂഹ്യനീതി കോംപ്ലക്സിലെ വണ്‍ സ്റ്റോപ്പ് സെന്റര്‍ ഓഫീസില്‍ നേരിട്ടൊ ഫോണ്‍ വഴിയോ ബന്ധപ്പെടാവുന്നതാണ്. വിധവാ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ആയി 9188222253 എന്ന നമ്പര്‍ നിലവില്‍ വന്നിട്ടുണ്ടെന്ന് ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ ഡോ. ലിന്‍സി. എ.കെ അറിയിച്ചു.