
Web Desk
അവശ്യസാധനങ്ങൾ വാങ്ങുന്നതിനായി യുക്രെയ്നിലെ ജനങ്ങൾ കടകൾക്കു പുറത്തു നീണ്ട വരി നിൽക്കുന്നതിന്റെ പുതിയ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ ലഭിക്കുന്നതിനായി, തകർന്നുവീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കും കത്തിയമർന്ന സൈനിക വാഹനങ്ങൾക്കുമിടെയുള്ള സൂപ്പർ മാർക്കറ്റുകൾക്കു മുന്നിൽ ആളുകൾ വരിനിൽക്കുന്ന ചിത്രങ്ങളാണു പുറത്തുവന്നിരിക്കുന്നത്.യുക്രെയ്ൻ തുറമുഖ നഗരമായ ഖേഴ്സൻ റഷ്യൻ സേന പിടിച്ചടക്കിയിരുന്നു. നഗരത്തിന്റെ എല്ലാ പ്രദേശങ്ങളും റഷ്യൻ സൈനികരുണ്ടെന്നും വളരെ അപകടകരമായ അവസ്ഥയാണു നിലനിൽക്കുന്നതെന്നും പ്രാദേശിക ഭരണാധികാരികൾ പ്രതികരിച്ചു.
‘ഞങ്ങളുടെ പക്കൽ അയുധങ്ങളില്ല. അക്രമത്തിനായി ഞങ്ങൾ ഒരുങ്ങുന്നുമില്ല. നഗരത്തെ സുരക്ഷിതമാക്കാനാണു ഞങ്ങൾ ശ്രമിക്കുന്നത്. 2.9 ലക്ഷം ജനങ്ങള്‍ വസിക്കുന്ന ഖേഴ്സൻ നഗരത്തിന്റെ മേയർ ഫെയ്സ്ബുക്കിൽ കുറിച്ചു.
മൃതദേഹങ്ങൾ മറവു ചെയ്യാനും ഭക്ഷണം, മരുന്ന് ഉൾപ്പെടെയുള്ള വസ്തുക്കൾ വിതരണം ചെയ്യാനും വളരെയധികം ബുദ്ധിമുട്ടു നേരിടുകയാണ്. ആളുകളെ വെടിവച്ചു വീഴ്ത്തരുതെന്നു മാത്രമാണു ഞങ്ങൾ റഷ്യൻ സേനയോട് അപേക്ഷിച്ചിരിക്കുന്നത്’– അദ്ദേഹം കുറിച്ചു.