ഇന്ന് ലോക പക്ഷാഘാത ദിനം

Web Desk

ഒക്ടോബര്‍ 29-ലോക സ്‌ട്രോക്ക് ദിനം. മിനിറ്റുകൾക്ക് ജീവൻ രക്ഷിക്കാൻ കഴിയും എന്നതാണ് ഈ വര്‍ഷത്തെ സ്‌ട്രോക്ക് ദിന സന്ദേശം. സ്‌ട്രോക്കിന്റെ ലക്ഷണങ്ങളുണ്ടായാല്‍ സമയബന്ധിതമായി ചികിത്സ നല്‍കുന്നതിലൂടെ വൈകല്യങ്ങള്‍ ഒഴിവാക്കുന്നതിനും ജീവന്‍ രക്ഷിക്കുന്നതിനും സാധിക്കുന്നുമെന്ന സന്ദേശം എല്ലാവരിലും എത്തിക്കുകയെന്നതാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്. മനുഷ്യരുടെ മരണകാരണങ്ങളിൽ മൂന്നാം സ്ഥാനത്താണ് സ്‌ട്രോക്ക് അഥവാ പക്ഷാഘാതം.സ്ട്രോക്ക് അഥവാ പക്ഷാഘാതം ഉണ്ടാകുന്നത് തലച്ചോറിലേക്കുള്ള രക്തകുഴലുകൾ അടഞ്ഞ് തലച്ചോറിലെ കോശങ്ങൾക്ക് നാശം സംഭവിച്ക്കുന്ന അവസ്ഥ യാണ്. മരണകാരണം എന്നതിലുപരി സ്‌ട്രോക്ക് അതിജീവിക്കുന്നവരിൽ അതുണ്ടാക്കുന്ന ശാരീരികവും മാനസികവും സാമ്പത്തികവുമായ വിഷമതകൾ വളരെ വലുതാണ്. എന്താണ് പക്ഷാഘാതം, അത് എങ്ങനെ തിരിച്ചറിയാം, എന്തൊക്കെ ചികിത്സകൾ ലഭ്യമാണ്, എങ്ങനെ പ്രതിരോധിക്കാം എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്‌ടിക്കുന്നതിനാണ് എല്ലാ വർഷവും ഒക്ടോബർ 29 ലോക പക്ഷാഘാതദിനമായി ആചരിക്കുന്നത്. തലച്ചോറിലേക്കുള്ള രക്ത കുഴലുകൾ അടയുന്നതു മൂലവും, തലച്ചോറിലെ രക്ത കുഴൽ പൊട്ടി രക്ത സ്രാവം ഉണ്ടാകുന്നതും സ്ട്രോക്ക് വരാൻ കാരണമാവുന്നു.

സാധാരണയായി 55 വയസ് കഴിഞ്ഞവരിലാണ് ഈ അവസ്ഥ കൂടുതലായും കണ്ടുവരുന്നത്. ജീവിതശൈലി രോഗങ്ങളായ ഹൈപ്പർ ടെൻഷൻ, പുകവലി, ഉയർന്ന കൊളസ്‌ട്രോൾ, മദ്യപാനം എന്നിവ സ്‌ട്രോക്ക് വരാനുള്ള പ്രധാന കാരണങ്ങളാണ്. അമിത രക്തസമ്മർദ്ദമുള്ളവരിൽ സ്‌ട്രോക്കിനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.
ഈയിടെയായി ചെറുപ്പക്കാരിലും സ്‌ട്രോക്ക് അധികമായി കണ്ടുവരുന്നുണ്ട്. ഇതിന്റെ ഒരു പ്രധാന കാരണം ജീവിത ശൈലിയിൽ ഉണ്ടായിട്ടുള്ള വ്യതിയാനമാണ്. പുകവലിയാണ് ഇതിൽ ഏറ്റവും പ്രധാനം. കൂടാതെ അമിത വണ്ണം, രക്തസമ്മർദ്ദം, മാനസികസമ്മർദ്ദം എന്നിവയും ചെറുപ്പക്കാരിൽ സ്‌ട്രോക്ക് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളാണ്.

സംസാരിക്കാനുള്ള ബുദ്ധിമുട്ട്, അഥവാ സംസാരിക്കുമ്പോൾ വാക്കുകൾ കിട്ടാനുള്ള പ്രയാസം, മുഖം ഒരു വശത്തേക്ക് കോടിപോവുക, കൈകോ കാലിനോ തളർച്ച ഉണ്ടാവുക, കൂടാതെ പെട്ടെന്ന് ഉണ്ടാകുന്ന കാഴ്ച്ചയ്ക്ക് ബുദ്ധിമുട്ട്, നടക്കുമ്പോൾ ബാലൻസ് കിട്ടാതിരിക്കുക എന്നിവ സ്‌ട്രോക്കിന്റെ ലക്ഷണങ്ങളാണ്.

സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോഴേ രോഗി ചികിത്സയ്‌ക്ക് വിധേയപ്പെടേണ്ടതാണ്. രക്തം കട്ടപിടിച്ചുണ്ടാകുന്ന സ്‌ട്രോക്കുകളിൽ ലക്ഷണങ്ങൾ കണ്ടു തുടങ്ങി നാലര മണിക്കൂറിനുള്ളിൽ രക്തം കട്ട പിടിച്ചത് മാറ്റാനുള്ള മരുന്ന് നൽകേണ്ടതാണ്.

error: Content is protected !!