‘താലി മാത്രം മതി’; വധുവിന്റെ വീട്ടുകാർക്ക് 50 പവൻ സ്വർണം തിരിച്ചു നൽകി വരൻ

Web Desk

‘ഞങ്ങൾക്ക് താലി മാത്രം മതി, നിനക്കു വേണമെങ്കിൽ കയ്യിലെ വള കൂടി എടുക്കാം’, സതീഷിന്റെ വാക്കുകൾ ശ്രുതിക്കും സമ്മതമായിരുന്നു. പിന്നെ വൈകിയില്ല, ശ്രുതിയെ അണിയിച്ചിരുന്ന 50 പവൻ സ്വർണം സതീഷും അച്ഛനും ചേർന്ന് വധുവിന്റെ വീട്ടുകാർക്ക് തിരിച്ചു നൽകി. സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികളുടെ ജീവൻ നഷ്ടപ്പെടുന്ന വാർത്തകൾ കേൾക്കുന്നതിന് ഇടയിലാണ് സതീഷ് സത്യന്റേയും ശ്രുതി രാജിന്റേയും വിവാഹം മാതൃകയാവുന്നത്.

വ്യാഴാഴ്ച പണയിൽ ദേവീക്ഷേത്രത്തിലാണു ഇവരുടെ വിവാഹം നടന്നത്.മെയ്‌ 13ന് നിശ്ചയിച്ചിരുന്ന വിവാഹം ലോക്ക്ഡൗണ്‍ മൂലമാണ് ഇന്നലത്തേക്ക് മാറ്റിയത്. സ്വർണാഭരണങ്ങൾ അണിഞ്ഞാണ് ശ്രുതി എത്തിയത്. എന്നാൽ വിവാഹശേഷം സമ്മാനമായി നൽകിയ സ്വർണം വധുവിന്റെ മാതാപിതാക്കൾക്കു കൈമാറുകയായിരുന്നു.

നാ​ദസ്വര കലാകാരനാണ് 28 കാരനായ സതീഷ്. അമ്പലത്തിലും വിവാഹ ചടങ്ങുകളിലും നാദസ്വരം വായിക്കുന്ന വരുമാനത്തിലാണ് ജീവിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുനടന്ന വിവാഹത്തിൽ വരന്റെയും വധുവിന്റെയും ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണു പങ്കെടുത്തത്.

error: Content is protected !!