മേക്കപ്പ് ആർട്ടിസ്റ്റിൽ നിന്ന് ലൈംഗികാതിക്രമം; പരാതിയുമായി മൂന്ന് യുവതികൾ

Web Desk

വിവാഹാവശ്യത്തിന് മേക്കപ്പ് ചെയ്യുന്നതിനിടെ മേക്കപ്പ് ആർട്ടിസ്റ്റിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന് മൂന്ന് യുവതികളുടെ പരാതി. പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് പ്രാഥമികാന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കൊച്ചി ഡി.സി.പി വി.യു. കുര്യാക്കോസ് വ്യക്തമാക്കി. അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാൽ പരാതിയിൽ കേസെടുക്കുമെന്നും ഡി.സി.പി അറിയിച്ചു.മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ സ്റ്റുഡിയോ ഉടമയ്‌ക്കെതിരെ കൂടുതല്‍ സ്ത്രീകള്‍ സമൂഹമാധ്യമങ്ങളിലൂടെയും പരാതി ഉന്നയിച്ചിട്ടുണ്ട്. കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റിന്‍റെ ലൈംഗികാതിക്രമത്തില്‍ കേസ് അന്വേഷണം പുരോഗമിക്കെയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെയും ആരോപണം ഉയർന്ന് വരുന്നത്. 2014 മുതല്‍ ഈ മേക്കപ്പ് സ്റ്റുഡിയോയില്‍ പോയി ദുരനുഭവമുണ്ടായ സ്ത്രീകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ തുറന്ന് പറച്ചില്‍ നടത്തിയിരിക്കുന്നത്.

യുവതികൾക്ക് ഇയാളുടെ സ്റ്റുഡിയോയിൽ നിന്ന് നേരിടേണ്ടി വന്ന ലൈം​ഗികാതിക്രമങ്ങളാണ് ഇമെയിൽ വഴിയുള്ള പരാതിയിൽ വിവരിച്ചിരിക്കുന്നത്. സംഭവം ചർച്ചയായതോടെ ഇയാള്‍ ഒളിവിൽ പോയതായാണ് വിവരം. കൊച്ചിയിൽ സൗന്ദര്യ വർധക വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ ഉൾപ്പടെ ഇയാളുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നുണ്ട്.

error: Content is protected !!