കൊളസ്ട്രോളും കാൻസർ സാധ്യതയും കുറയ്ക്കും, ഹൃദയാരോഗ്യം കൂട്ടും; സീതപ്പഴം കഴിക്കാൻ മടിക്കേണ്ട!അറിയാം ഗുണങ്ങൾ

സീതപ്പഴം അഥവാ ആത്തപ്പഴം രുചികരവും ആരോഗ്യഗുണങ്ങൾ ഏറെയുള്ളതുമായ ഒരു പഴമാണ്. തണുപ്പുകാലത്ത് ഏറെയുണ്ടാകുന്ന സീതപ്പഴത്തിൽ വൈറ്റമിൻ സി, പൊട്ടാസ്യം, ആന്റി ഓക്സിഡന്റുകൾ, മഗ്നീഷ്യം ഇവ ധാരാളമുണ്ട്. പോഷകഗുണങ്ങൾ ഏറെയുള്ള സീതപ്പഴ (Custard apple)ത്തിന്റെ ആരോഗ്യഗുണങ്ങൾ അറിയാം.

സീതപ്പഴത്തിൽ ഭക്ഷ്യനാരുകൾ ധാരാളം ഉണ്ടെന്ന് യൂറോപ്യൻ ജേണൽ ഓഫ് ന്യൂട്രീഷൻ ആൻഡ് ഫുഡ് സേഫ്റ്റിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. നാരുകൾ ധാരാളം ഉള്ളതിനാൽ ദഹനപ്രശ്നങ്ങളും മലബന്ധവും അകറ്റാൻ ഈ പഴം സഹായിക്കും. കൂടാതെ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സീതപ്പഴത്തിനു കഴിവുണ്ടെന്ന് പഠനം പറയുന്നു.

കാൻസറിനെ തടയാൻ സഹായിക്കുന്ന നിരവധി ബയോആക്ടീവ് സംയുക്തങ്ങൾ സീതപ്പഴത്തിലുണ്ട്. സീതപ്പഴത്തിലെ ആന്റിഓക്സിഡന്റുകൾ, ചിലയിനം കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുമെന്ന് യൂറോപ്യൻ ജേണൽ ഓഫ് ന്യൂട്രീഷൻ ആൻഡ് ഫുഡ് സേഫ്റ്റിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കണ്ടു.

സീതപ്പഴം വൈറ്റമിൻ സി യുടെ മികച്ച ഉറവിടമാണ്. 100 ഗ്രാം സീതപ്പഴത്തിൽ 91 മില്ലിഗ്രാം വൈറ്റമിൻ സി യുണ്ട്. വൈറ്റമിൻ സി ധാരാളം ഉള്ളതിനാൽ നിരവധി രോഗങ്ങളെ തടയാനും പ്രതിരോധസംവിധാനത്തെ ശക്തിപ്പെടുത്താനും സീതപ്പഴത്തിന് കഴിവുണ്ട്.

മഗ്നീഷ്യം ധാരാളം അടങ്ങിയ പഴമാണ് സീതപ്പഴം. 100 ഗ്രാം സീതപ്പഴത്തിൽ 53 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ടെന്ന് ഇന്റർനാഷണൽ ജേണൽ ഓഫ് കറന്റ് മൈക്രോബയോളജി ആൻഡ് അപ്ലൈഡ് സയൻസസ് പറയുന്നു. ശരീരത്തിൽ ജലത്തിന്റെ സന്തുലനം നിലനിർത്താൻ മഗ്നീഷ്യം സഹായിക്കുന്നു. ഇത് സന്ധികളിൽ നിന്ന് ആസിഡിനെ നീക്കം ചെയ്യുകയും റൂമാറ്റിസം, സന്ധിവാതം തുടങ്ങിയവ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. സന്ധികൾക്ക് ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് ഏറ്റവും മികച്ച പഴമാണ് സീതപ്പഴം.

സീതപ്പഴത്തിലടങ്ങിയ പൊട്ടാസ്യവും മഗ്നീഷ്യവും ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തും. പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കും. മഗ്നീഷ്യമാവട്ടെ ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തി ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. കൂടാതെ സീതപ്പഴത്തിൽ എസ്സൻഷ്യൽ ഫാറ്റി ആസിഡുകൾ, പ്രത്യേകിച്ച് ലിനോലെയ്ക് ആസിഡ്, ഒലേയ്ക് ആസിഡ് ഇവയുണ്ട്. ഇവ ലിപ്പിഡ് പ്രൊഫൈൽ നിയന്ത്രിക്കുക വഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും അതിറോസ്ക്ലീറോസിസിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

error: Content is protected !!