പുതുവർഷ പുലരിയിൽ മൂന്നിടത്ത് വാഹനാപകടം; 5 മരണം

Web Desk

പുതുവര്‍ഷ പുലരിയില്‍ 3 വാഹന അപകടങ്ങളിലായി 5 മരണം. കണ്ണൂര്‍ പാപ്പിനിശ്ശേരി ചുങ്കത്ത് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കോഴിക്കോട് വടകര അറക്കിലാട് സ്വദേശി കമൽജിത്ത് (29), വൈക്കിലിശ്ശേരി സ്വദേശി അശ്വന്ത് (28) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ 6ന് പാപ്പിനിശ്ശേരി സിഎസ്ഐ പളളിക്ക് സമീപമാണ് അപകടമുണ്ടായത്. പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങവെയായിരുന്നു അപകടം.തൃശൂര്‍ പെരിഞ്ഞനത്ത് ദേശീയപാതയില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ബൈക്ക് യാത്രികരായ മതിലകം സ്വദേശി അന്‍സില്‍, കാക്കാത്തിരുത്തി സ്വദേശി രാഹുല്‍ എന്നിവരാണ് മരിച്ചത്. ഇന്നു പുലർച്ചെ ഒന്നിനായിരുന്നു അപകടം.
കോട്ടയം തിരുവാറ്റയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. അയ്മനം പുലിക്കുട്ടിശേരി അറുപറത്തറ വീട്ടിൽ സുനിൽ (23)ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ സുനിലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പുതുവത്സര ദിവസം രാത്രി ഒന്നരയോടെ കുടയംപടിയ്ക്കു സമീപം തിരുവാറ്റ ഭാഗത്തായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ പിന്നിൽ മെഡിക്കൽ കോളേജ് ഭാഗത്തേയ്ക്കു പോകുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തു വച്ചു തന്നെ സുനിലിന്റെ മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

error: Content is protected !!