വാടകവീട് കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം; മൂന്നു സ്ത്രീകൾ ഉൾപ്പെടെ അഞ്ചു പേർ പിടിയിൽ

Web Desk

ചേവായൂര്‍ സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട പാറോപ്പടി – ചേവരമ്പലം റോഡില്‍ വാടക വീട് കേന്ദ്രീകരിച്ച്‌ നടത്തിയിരുന്ന പെണ്‍വാണിഭ കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ മൂന്ന് സ്ത്രീകളും രണ്ടു പുരുഷന്മാരും ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായി.കഴിഞ്ഞ മൂന്ന് മാസക്കാലമായി പാറോപ്പടി ചേവരമ്പലം റോഡിലെ ഒരു വീടിന്റെ മുകള്‍ ഭാഗം വാടകക്കെടുത്ത് നരിക്കുനി സ്വദേശി ഷഹീന്‍ പെണ്‍വാണിഭം നടത്തിവരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ഈ വീട് പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇന്നലെ വ്യക്തമായ സൂചനകള്‍ ലഭിച്ചതോടെ പൊലീസ് ഈ കേന്ദ്രം റെയ്ഡ് ചെയ്യുകയായിരുന്നു. ബേപ്പൂര്‍ അരക്കിണര്‍ റസ്വ മന്‍സിലില്‍ ഷഫീഖ് (32), ചേവായൂര്‍ തൂവാട്ട് താഴ വയലില്‍ ആഷിക് (24) എന്നിവരും പയ്യോളി, നടുവണ്ണൂര്‍, അണ്ടിക്കോട് സ്വദേശികളായ മൂന്ന് സ്ത്രീകളുമാണ് അറസ്റ്റിലായത്.

കേസില്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്ന ഷഹീന്‍ മുന്‍പും സിറ്റിയിലെ വിവിധ സ്ഥലങ്ങളില്‍ ഇത്തരത്തില്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളായ സ്ത്രീകളുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ നിരവധി ആളുകള്‍ ഇവരുടെ ഇടപാടുകാരായി ഉണ്ടെന്ന് വ്യക്തമായിട്ടുണ്ട്.

ഇവരെ കൂടാതെ കൂടുതല്‍ സ്ത്രീകളെ പെണ്‍വാണിഭ കേന്ദ്രങ്ങളില്‍ ഷഹീന്‍ എത്തിച്ചിരുന്നെന്നും ഇവരുമായി ഇടപാടുകള്‍ നടത്തിയ കസ്റ്റമര്‍മാരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ പോലീസിന്‍റെ നിരീക്ഷണത്തിലാണെന്ന് അന്വേഷണ സംഘം പറയുന്നു. ഈ കേസില്‍ ഇനിയും കുടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് ഈ കേസിന് മേല്‍നോട്ടം വഹിക്കുന്ന മെഡിക്കല്‍ കോളജ് പൊലീസ് അസി.കമ്മീഷണര്‍ കെ.സുദര്‍ശന്‍ പറഞ്ഞു.

error: Content is protected !!