
Web Desk
രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാനാവില്ലെന്ന സുപ്രിംകോടതി വിധിയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വിധി ഒരു വലിയ സാമൂഹ്യ-സാമ്പത്തിക പ്രശ്നത്തിൻ്റെ പ്രസക്തവും മനുഷ്യത്വപരവുമായ വീക്ഷണമാണ് പ്രതിഫലിപ്പിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യർ ഭിക്ഷാടകർ ആകേണ്ടി വരുന്നത് അവർ അത് ആഗ്രഹിക്കുന്നതു കൊണ്ടല്ല. ദാരിദ്ര്യവും പട്ടിണിയുമാണ് അതിനവരെ നിർബന്ധിതരാക്കുന്നത്. രിദ്രരായ മനുഷ്യരോടുണ്ടാകേണ്ടത് സഹാനുഭൂതിയും സഹായിക്കാനുള്ള സന്നദ്ധതയുമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.വരേണ്യവർഗത്തിന്റെ കാഴ്ചപ്പാട് സ്വീകരിക്കാൻ കഴിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി ഭിക്ഷാടനം നിരോധിക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയത്. മറ്റുവഴികൾ ഇല്ലാത്തവരാണ് ഭിക്ഷ യാചിക്കാൻ പോകുന്നത്. ദാരിദ്ര്യമാണ് ഭിക്ഷാടനത്തിൻ്റെ കാരണം. ദാരിദ്ര്യം ഇല്ലായിരുന്നുവെങ്കിൽ ആരും ഭിക്ഷ യാചിക്കാൻ പോകില്ലായിരുന്നു എന്നും ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എംആർ ഷാ എന്നിവർ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. പൊതുസ്ഥലങ്ങളിലെയും ട്രാഫിക്ക് പോയിൻ്റുകളിലെയും ഭിക്ഷാടനം കൊവിഡ് വ്യാപനത്തിനു കാരണമാകുനുണ്ടെന്നും അതിനാൽ ഭിക്ഷാടനം നിരോധിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു പരമോന്നത കോടതിയുടെ നിരീക്ഷണം.