ഓണക്കാലത്തും വയനാടിന് രക്ഷയില്ല;എത്തിയത് നാലിലൊന്ന് സഞ്ചാരികൾ, വരുമാനത്തിൽ നഷ്ടം ലക്ഷങ്ങൾ

ഓണക്കാലത്തെ ആഘോഷ യാത്രകളിൽ ഇക്കുറി വയനാടില്ല. ജില്ലയിലെ ടൂറിസം മേഖലയെ സംബന്ധിച്ച് സമീപകാലങ്ങളിൽ ഏറ്റവുംകുറവ് സഞ്ചാരികളെത്തിയ അവധിക്കാലമാണ് കടന്നുപോയത്. ഉത്രാടത്തിൽ തുടങ്ങി തിരുവോണവും നബിദിനവും വിശ്വകർമദിനവും ഒരുമിച്ചെത്തിയ 14 മുതൽ 17 വരെയുള്ള അവധിദിനങ്ങളിൽ സഞ്ചാരികളെത്തുമെന്നായിരുന്നു ആകെ പ്രതീക്ഷ. എന്നാൽ, പതിവിന് വിപരീതമായി ഇക്കുറിയാരും വയനാട്ടിലെത്തിയില്ല.

ഡി.റ്റി.പി.സി. കേന്ദ്രങ്ങളിലും ബാണാസുര- കാരാപ്പുഴ ഡാം പ്രോജക്ട് കേന്ദ്രങ്ങളിലുമായി ആകെ 37,226 പേരാണ് സന്ദർശിച്ചത്. കഴിഞ്ഞവർഷം പൂജാ അവധിദിനങ്ങളായ നാലു ദിവസത്തിനുള്ളിൽ ഒന്നേകാൽ ലക്ഷം പേരാണ് സഞ്ചാരികളായെത്തിയത്. കഴിഞ്ഞ വർഷത്തെ ഓണാവധിക്കും 1.11 ലക്ഷം സഞ്ചാരികൾ വയനാട്ടിലെത്തിയ സ്ഥാനത്താണിത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് പിന്നെയും സഞ്ചാരികളെത്തിയത്.

മുണ്ടക്കൈ-ചൂരൽമല ദുരന്തം ദേശീയതലത്തിലുൾപ്പെടെ വയനാട് ദുരന്തമെന്നരീതിയിൽ ചർച്ചയായതാണ് ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായത്. മേപ്പാടി പഞ്ചായത്തിലെ മൂന്നുവാർഡുകളിൽമാത്രം നടന്ന ദുരന്തം വയനാടിനെയൊന്നകെ ബാധിച്ചെന്ന രീതിയിലാണ് ചർച്ചകളുണ്ടായത്. ഇതോടെ ടൂറിസം മേഖല സ്തംഭിക്കുകയായിരുന്നു. റിസോർട്ടുകളിലും ഹോംസ്റ്റേകളിലുമായി ശരാശരി 40-60 ശതമാനം വരെ റൂം ബുക്കിങ് ഓഗസ്റ്റിൽ മുൻകൂറായി ലഭിച്ചിരുന്നു. ജൂലായ് 30-ന് പുലർച്ചെദുരന്തമുണ്ടായതിന് തൊട്ടുപിന്നാലെ
ഒന്നൊഴിയാതെ എല്ലാം റദ്ദായി. ഓഗസ്റ്റിൽ സഞ്ചാരികളാരും വയനാട്ടിലെത്തിയില്ല.

ഒരുമാസത്തിനുള്ളിൽ ദുരന്തബാധിതരുടെ താത്കാലികപുനരധിവാസം പൂർത്തിയായി, വയനാട് സാധാരണജീവിതത്തിലേക്ക് മടങ്ങിയെങ്കിലും ടൂറിസം മേഖല തിരിച്ചുവന്നില്ല. റിസോർട്ടുകളിലും ഹോംസ്റ്റേകളിലും നാമമാത്രമായ ബുക്കിങ് മാത്രമാണ് ഉണ്ടായത്. ടൂറിസം കേന്ദ്രങ്ങളിലെത്തിയ സഞ്ചാരികളുടെ എണ്ണം നാലിലൊന്നായി കുറഞ്ഞു. ഒരു പകൽമാത്രം ടൂറിസം കേന്ദ്രങ്ങളിൽ ചെലവഴിക്കുന്ന തരത്തിലേ സഞ്ചാരികളെത്തിയുള്ളൂ.

error: Content is protected !!