
newsdesk
കോഴിക്കോട്: ജില്ലയിലെ വാഴ കർഷകർക്ക് ഇത്തവണ ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും പൊന്നോണം. നേന്ത്രക്കായയ്ക്ക് മെച്ചപ്പെട്ട വില ലഭിച്ചതിനൊപ്പം മഴ കാരണമുണ്ടാവുന്ന കൃഷിനാശം ഇല്ലാതിരുന്നതും കർഷകർക്ക് ഇത്തവണ ആശ്വാസത്തിന്റെ പൊന്നോണമായി . നേന്ത്രക്കായയ്ക്ക് കിലോയ്ക്ക് 60- 70 രൂപവരെ എത്തിയിരുന്നു. ഓണത്തിരക്ക് തുടങ്ങുന്നതിന് മുമ്പ് 40 മുതൽ 45 വരെയായിരുന്ന വിലയാണ് 60ലേക്കും 70ലേക്കും കുതിച്ചത്. വാഴയിലയ്ക്കും നല്ല വില ലഭിച്ചതോടെ കർഷകർക്ക് സന്തോഷത്തിന്റെ ദിനങ്ങളായി
കാലവർഷം കനക്കുന്നതോടെ വലിയ കൃഷിനാശം ഉണ്ടാവുന്ന സാഹചര്യം ഇത്തവണ ഉണ്ടായില്ല. മഴ കുറഞ്ഞതോടെ മുഴുവൻ വിളവും കർഷകർക്ക് ലഭിച്ചു. മാവൂർ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ഇത്തവണ വെള്ളം കയറാതിരുന്നതും അശ്വാസമായി. ജില്ലയിൽ പ്രധാനമായും വാഴകൃഷിയുള്ള മാവൂർ ഭാഗങ്ങളിലെ കണ്ണിപറമ്പ്, ചെട്ടികടവ്, വെള്ളന്നൂർ തുടങ്ങിയ ഇടങ്ങളിൽ പലപ്പോഴും മഴ വില്ലനാവാറുണ്ട്.നേന്ത്രക്കായയ്ക്ക് വില കൂടിയതോടെ വറുത്ത ഉപ്പേരിക്കും ശർക്കര ഉപ്പേരിക്കും വില കൂടിയിരുന്നു.
ഓണം വിപണി ലക്ഷ്യമിട്ട് വറുത്ത ഉപ്പേരി, ശർക്കര ഉപ്പേരി, കായ വറുത്തത്, പഴം വറുത്തത് എന്നിവയ്ക്കായി മെച്ചപ്പെട്ട വിലയിൽ തന്നെയാണ് നേന്ത്രക്കായ ശേഖരിച്ചത്. നേന്ത്രക്കായ കൂടുതൽ എത്തുന്ന വയനാട്ടിൽ നിന്ന് ഇത്തവണ കാര്യമായി മാർക്കറ്റിലേക്കെത്തിയില്ല. വയനാട്ടിൽ ഇത്തവണ ഉത്പാദനം കുറഞ്ഞതാണ് കാരണം. ഇതോടെ ജില്ലയിലെ കർഷകർക്ക് തങ്ങളുടെ വിളയ്ക്ക് കൂടുതൽ വില ലഭിച്ചു. പ്രളയകാലം മുതൽ ജില്ലയിലെ വാഴക്കർഷകർ വലിയ പ്രതിസന്ധിയിലായിരുന്നു. ചാലിയാർ ഉൾപ്പടെയുള്ള പുഴകൾ പലപ്പോഴും കരകവിഞ്ഞൊഴുകിയതും ശക്തമായ കാറ്റും മഴയുമെല്ലാം വാഴക്കൃഷിയുടെ തണ്ടൊടിച്ചിരുന്നു. ഇതോടെ പലരും കൃഷി നിറുത്തിവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്തവണയും പ്രതീക്ഷയോടെ കൃഷിയിറക്കിയവർക്ക് ഏറെ കാലത്തിന് ശേഷം ലാഭം കൊയ്യാനായി